
ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻഡിവുഡ് നിർമ്മിച്ച ബീയിംഗ് എന്ന ചലച്ചിത്രം ഗോവയിൽ നടക്കുന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) ഭാഗമായി നടന്ന സിനിമാ- എ ഐ ഹാക്കത്തോൺ 2025-ലെ 'മികച്ച എ.ഐ. വിഷ്വലൈസ്ഡ് ഫിലിം' പുരസ്‌കാരം കരസ്ഥമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അഞ്ഞൂറിലധികം എൻട്രികളിൽ നിന്നാണ് ഈ നേട്ടം ഇൻഡിവുഡ് സ്വായത്തമാക്കിയത്. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ദൃശ്യ സാങ്കേതികതയിൽ ഏറെ മുന്നേറിയ ഇൻഡിവുഡിന്റെ പരിശ്രമങ്ങൾക്ക് ലഭിച്ച ഒരു സമ്മാനം കൂടിയാണ് ഈ പുരസ്കാരം.
ചലച്ചിത്രനിർമ്മാണത്തിൽ നിർമ്മിതബുദ്ധിക്കുള്ള സർഗ്ഗാത്മക സാധ്യതകളെ അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്, എൻ.എഫ്.ഡി.സി, എൽ.ടി.ഐ. മൈൻഡ്ട്രീ (LTIMindtree) എന്നിവയുമായി കൈകോർത്തുകൊണ്ട് ഐ.എഫ്.എഫ്.ഐ ഇന്ത്യയിൽ തന്നെ ആദ്യമായി ഇത്തരത്തിൽ 'സിനിമാ എ.ഐ. ഹാക്കത്തോൺ ' എന്ന പേരിൽ ഈയൊരു മത്സരം സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള പതിനെട്ടു രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിൽ അധികം ചലച്ചിത്ര പ്രവർത്തകരാണ് ഈയൊരു ഹാക്കത്തോണിൽ പങ്കെടുത്തത്. ഉന്നതസ്ഥാനം കരസ്ഥമാക്കുന്ന പത്തു ടീമുകൾക്കായി പരിപാടിയിൽ വച്ചു മാത്രം പരസ്യപ്പെടുത്തുന്ന ഒരു നിഗൂഢ പ്രമേയത്തെ ആസ്പദമാക്കി, 48 മണിക്കൂറിനുള്ളിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ചലച്ചിത്രം നിർമ്മിക്കുന്ന ഒരു മത്സര രീതിയാണ് ഉണ്ടായിരുന്നത്.
ഇന്ത്യയിലെ 'ആദ്യത്തെ എ.ഐ ഫിലിം ഫെസ്റ്റിവൽ ' എന്നു വിശേഷിപ്പിക്കാവുന്ന ഈ ചലച്ചിത്രോത്സവം, നിർമ്മിത ബുദ്ധിയും സർഗാത്മകതയും സമന്വയിപ്പിച്ചു കൊണ്ട് ഐ.എഫ്.എഫ്.ഐ. 2025 ന്റെ ഒരു പ്രധാന ആകർഷണീയതയായി മാറി. വടക്കൻ കേരളത്തിലെ കുമ്മാട്ടിക്കാവുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ 'ബീയിംഗ്', ബാല്യകാലത്തെ പേടി സ്വപ്നങ്ങൾ പിന്നീട് ജീവിതത്തിന് കരുത്തായി തീർന്നത് എങ്ങനെയെന്ന് മനോഹരമായി പറഞ്ഞുവെക്കുന്നു. മുത്തശ്ശിക്കഥകളും ഐതിഹ്യങ്ങളും ക്ഷേത്രത്തിലെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അവന്റെ സ്വപ്നങ്ങളെ ഉപബോധമനസ്സ് ഭയത്തിന്റെയും വിഭ്രമത്തിന്റേയും കാണാക്കയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പിന്നീട് ലഭിക്കുന്ന ഉൾക്കാഴ്ചയും തിരിച്ചറിവും ഈ പ്രതിരൂപങ്ങളെ ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകങ്ങളായി ബോധമനസ്സിലൂടെ മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവാണ് 'ബീയിംഗ്' എന്ന ചിത്രത്തിന്റെ പ്രമേയം.
നവംബർ 25-ന്, ഫിലിം ബസാറിലെ വേവ്‌സ് വേദിയിലാണ് 'ബീയിംഗ്' പ്രദർശിപ്പിച്ചത്. ഓർമ്മകളെക്കുറിച്ചുള്ള തനതായ ദൃശ്യാവിഷ്കരണത്തിനും സർഗ്ഗാത്മകമായ വ്യാഖ്യാനത്തിനും ചിത്രം വലിയ പ്രശംസ ഏറ്റുവാങ്ങി. “ഈ അവാർഡ് ഇൻഡിവുഡിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ പ്രചോദനമാണെന്നും , നാഴികക്കല്ലാണെന്നും ഇൻഡിവുഡിന്റെ സ്ഥാപക ചെയർമാൻ സോഹൻ റോയ് പറഞ്ഞു. എഐ അധിഷ്ഠിത സർഗ്ഗാത്മകതയിലൂടെ സിനിമയുടെ ഭാവി പര്യവേക്ഷണം ചെയ്യാനുള്ള ദൃഢനിശ്ചയത്തെ ഈ അംഗീകാരം ശക്തിപ്പെടുത്തുന്നു. സാങ്കേതികവിദ്യയെ സിനിമ മേഖലയിൽ എത്രത്തോളം മനോഹരമായി ഒന്നിച്ചു നിർത്താൻ സാധിക്കുമെന്ന് ‘ബീയിംഗ്’ നമുക്ക് ചൂണ്ടിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വണ്ടർവാൾ മീഡിയ നെറ്റ്‌വർക്കിന് കീഴിൽ ബിച്ചു വേണുവിന്റെ ക്രിയേറ്റീവ് സഹകരണത്തോടെ സുമേഷ്‌ലാൽ ആണ് ഈ ചിത്രത്തിന്റെ ആശയം രൂപപ്പെടുത്തിയത്. ആൽബി നടരാജ് ആണ് ദൃശ്യ രൂപകൽപ്പന ചെയ്തത്. സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായ ഇൻഡിവുഡ് സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് നിരവധി അവസരങ്ങളാണ് ഇതിനോടകം തന്നെ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര സഹ നിർമ്മാണം, ചലച്ചിത്ര നിർമ്മാണങ്ങൾ, കലാപ്രതിഭകളെ വാർത്തെടുക്കാനുള്ള പരിപാടികൾ, ചലച്ചിത്ര വ്യവസായ പരിപാടികൾ, പുത്തൻ സാങ്കേതികവിദ്യ പ്രോത്സാഹനം എന്നിവയിൽ സജീവമാണ്. സ്വന്തമായി ആശയങ്ങളും ഉള്ളടക്കങ്ങളും ഉള്ള പ്രതിഭകളെ ആഗോളതലത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ ആഗോളതലത്തിൽ പ്രദർശിപ്പിക്കാനും വേദിയൊരുക്കുകയും ചെയ്യുന്നു.
സിനിമാഎഐ ഹാക്കത്തോണിൽ, മികച്ച എഐ ചിത്രമായി കൽപ്പാണിക്കിന്റെ ദി റെഡ് ക്രയോൺ, ഏറ്റവും നൂതനമായ എഐ ചിത്രമായി ആറ്റമിസ്റ്റിന്റെ റിമറി, മികച്ച കഥപറച്ചിലിന് സമ്രേഷ് ശ്രീവാസ്തവയുടെ ലോസ്റ്റ് ആൻഡ് ഫൗണ്ട്, മികച്ച സൗണ്ട് ഡിസൈനിന് രാജേഷ് ഭോസ്ലെയുടെ ഫൈനൽ മൺസൂൺ എക്കോ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. എൽടിഐ മൈൻഡ്ട്രീയിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്ററാക്ടീവ് സർവീസസിന്റെ ആഗോള തലവനുമായ സുജയ് സെൻ, ജോയിൻഡ് ചീഫ് ഗ്രോത്ത് ഓഫീസർ കൃഷ്ണൻ അയ്യർ, ഐഎഫ്എഫ്ഐ ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ എന്നിവർ അവാർഡുകൾ സമ്മാനിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ