ദൃശ്യം 3 കാണാൻ ഒരുങ്ങുന്ന പ്രേക്ഷകർക്ക് ഒരു മുന്നറിയിപ്പുമായി സംവിധായകൻ ജീത്തു ജോസഫ്

മലയാളത്തിലെ എക്കാലത്തെയും സസ്പെന്‍സ്, ത്രില്ലര്‍ സിനിമകള്‍ എടുത്താന്‍ അതില്‍ ഉറപ്പായും ഇടംപിടിക്കുന്ന ഫ്രാഞ്ചൈസിയാണ് ദൃശ്യം. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെ ജീത്തു ജോസഫ് കരയറിലെ ഏറ്റവും വലിയ ബ്രേക്ക് ആണ് നേടിയത്. 2021 ല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇറങ്ങുമ്പോഴേക്കും ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് ദൃശ്യം ആഗോളമായിക്കഴിഞ്ഞിരുന്നു. ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക് ഇത്രയും റീമേക്കുകള്‍ പോയിട്ടുള്ള മറ്റൊരു മലയാള ചിത്രമില്ല. അതേസമയം ദൃശ്യത്തിന്‍റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍. ഏപ്രില്‍ 2 നാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം കാണാന്‍ ഒരുങ്ങുന്ന പ്രേക്ഷകരോട് ഒരു കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ജീത്തു ജോസഫ്. തന്‍റെ പുതിയ ചിത്രം വലതുവശത്തെ കള്ളന്‍റെ റിലീസിന് ശേഷമുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കുകയായിരുന്നു ജീത്തു ജോസഫ്.

ദൃശ്യം 3 നെക്കുറിച്ച് ജീത്തു ജോസഫ്

ദൃശ്യം 3 നെക്കുറിച്ച് ജീത്തു പറയുന്നു- “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക”, ജീത്തു പറഞ്ഞു.

ദൃശ്യം 4 ഉണ്ടാവുമോ എന്നൊരു ചോദ്യവും അദ്ദേഹം നേരിട്ടു. അതിനുള്ള മറുപടി ഇങ്ങനെ- “ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഞാന്‍ ഇതുകൊണ്ട് ഒന്ന് അവസാനിപ്പിക്കാനുള്ള ശ്രമമാണ്. കാരണം ആള്‍ക്കാര്‍ തന്നെ ചോദിക്കും, എന്തുവാടെ ഇത്, നിര്‍ത്തിക്കൂടേ എന്ന്. അതുകൊണ്ടാണ്”, ജീത്തു ജോസഫ് പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Union Budget 2026