മമ്മൂട്ടി പോക്കറ്റില്‍ ഭദ്രമാക്കിയ 2022! 'ഹൃദയം' കവർന്ന ദർശന, കൊച്ചു സിനിമകളുടെ മഹാ വിജയം കണ്ട മലയാള സിനിമ

By Nithya RobinsonFirst Published Dec 24, 2022, 8:20 PM IST
Highlights

ഏകദേശം 150 ഓളം ചിത്രങ്ങൾ‌ മലയാളത്തിൽ റിലീസ് ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിരലിൽ എണ്ണാവുന്നത് മാത്രമാണെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കഴ്ചവച്ച ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്തി. മുൻനിര നടന്മാർക്കൊപ്പം  യുവ താരങ്ങളും ഈ വർഷം കസറി എന്ന് നിസംശയം പറയാനാകും

കൊവിഡ് കാലം ലോകമാകെ വലിയ ക്ഷീണമേല്‍പ്പിച്ച മേഖലകളിലൊന്ന് ചലച്ചിത്ര വ്യവസായമായിരുന്നു. മഹാമാരിക്കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയും ദിനരാത്രങ്ങൾ പിന്നിട്ട് തിയറ്ററുകൾ സജീവമായ വർഷമായിരുന്നു 2022. ഏകദേശം 150 ഓളം ചിത്രങ്ങൾ‌ മലയാളത്തിൽ റിലീസ് ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിരലിൽ എണ്ണാവുന്നത് മാത്രമാണെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കഴ്ചവച്ച ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്തി. മുൻനിര നടന്മാർക്കൊപ്പം  യുവ താരങ്ങളും ഈ വർഷം കസറി എന്ന് നിസംശയം പറയാനാകും. ഒപ്പം ചെറിയ ചിത്രങ്ങളുടെ മഹാവിജയവും ഈ വർഷം മലയാളം കണ്ടു. പുത്തൻ വർഷം മൊട്ടിടാൻ ഇനി ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ 2022ലെ ഏതാനും മികച്ച മലയാള സിനിമകളെ പരിചയപ്പെടാം.

പ്രണവ് മോഹൻലാൽ കൊണ്ടുവന്ന 'ഹൃദയം'

ഈ വർഷം ആദ്യം മലയാള സിനിമയിൽ വിജയം കൊണ്ടുവന്ന ചിത്രം പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയമാണ്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൃദയം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയോളം രൂപ നേടി. ചിത്രം രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം പാട്ടുകളുടെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ഹൃദയം സമ്മാനിച്ച പ്രണവിന്റെ അടുത്ത പടം ഏതാകുമെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ് മലയാളികൾ ഇപ്പോൾ. 2023ല്‍ പ്രണവ് സിനിമയിലേക്ക് തിരിച്ചുവരുമെന്ന് നേരത്തെ വിനീത് ശ്രീനിവാസനും ഹൃദയത്തിന്‍റെ നിര്‍മാതാവും അറിയിച്ചിരുന്നു.

ചാമ്പിക്കോ പറഞ്ഞ മമ്മൂട്ടി !

14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ഭീഷ്മപര്‍വ്വം മികച്ച വിജയം സ്വന്തമാക്കി. മാര്‍ച്ച് മൂന്നിനാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം അമലും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ തെറ്റിയില്ല. മൈക്കിൾ അപ്പനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിലും തിളങ്ങി. ഏതാണ്ട് 115 കോടി രൂപയാണ് ഭീഷ്മപർവ്വം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ

ബോക്സ് ഓഫീസ് കയ്യടക്കിയ പൃഥ്വിരാജ്

കൊവിഡ് കാലത്തിനു ശേഷം മലയാളത്തില്‍ ഒന്നിലേറെ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിപ്പിച്ച താരമായിരുന്നു പൃഥ്വിരാജ് സുകുമാർ. മഹാമാരി കഴിഞ്ഞ് സജീവമായ തിയറ്ററുകളിലേക്ക് വിജയം കൊണ്ടുവന്നത് ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍ത ലീഗല്‍ ത്രില്ലര്‍ ചിത്രം ജനഗണമനയും ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് മസാല ചിത്രം കടുവയുമാണ്. ഏപ്രില്‍ 28ന് റിലീസിനെത്തിയ ജനഗണമന വിഷയത്തിലെ ഗൗരവവും സാങ്കേതിക മികവും കൊണ്ട് ഗംഭീരമായി. കേരളത്തിന് പുറത്തുള്ള സെന്‍ററുകളിലും ബോക്സ് ഓഫീസ് മികവ് പുലര്‍ത്തിയ ചിത്രം ‌ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.

എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രമായിരുന്നു കടുവ. ജൂലൈ 7ന് തിയറ്ററുകളിലെത്തിയ ചിത്രം എന്താണോ വാഗ്‍ദാനം ചെയ്‍തത് അത് നല്‍കുന്നതില്‍ വിജയിച്ചു. കേരളത്തിന് അകത്തും പുറത്തും കസറിയ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിക്കുകയും ചെയ്തു.

ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. മികച്ച പ്രതികരണം നേടിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചിരുന്നില്ല. അൽഫോൺസ് പുത്രന്റെ ഗോൾഡ്, തീർപ്പ് എന്നീ ചിത്രങ്ങളും പൃഥ്വിയുടേതായി ബിഗ് സ്ക്രീനിൽ എത്തി. എന്നാൽ ഇവയ്ക്ക് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം കാപ്പ ആണ്. കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച ചിത്രം പ്രേക്ഷക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്.

ചാക്കോച്ചന്റെ 'ന്നാ താന്‍ കേസ് കൊട്'

സമീപ കാലത്ത് ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത്, ചോക്ലേറ്റ് ഹീറോ പരിവേഷം എടുത്തു കളഞ്ഞ കുഞ്ചാക്കോ ബോബന്റെ സിനിമയാണ് 'ന്നാ താന്‍ കേസ് കൊട്. സിനിമയുടെ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയ ചിത്രം പോസ്റ്റര്‍ വിവാദവും പിന്നിട്ട് തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയിരുന്നു. ഇപ്പോഴും സിനിമയിലെ രംഗങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിന കലഹം തുടങ്ങിയ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു 'ന്നാ താന്‍ കേസ് കൊട് '.

'ലൂക്ക് ആന്റണി'യായി നിറഞ്ഞാടിയ മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ആഘോഷിച്ച ചിത്രം ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റം നടത്തി. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടിയാണ്. അടുത്തിടെ ചിത്രത്തിന്റെ വിജയാഘോഷവും മമ്മൂട്ടി നടത്തിയിരുന്നു.

ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. മമ്മൂട്ടി കമ്പനിയുടേതായി റിലീസിനെത്തിയ ആദ്യചിത്രം കൂടിയായിരുന്നു റോഷാക്ക്. പ്രതികാരത്തിന്റെ ഇന്നേവരെ കാണാത്ത കഥ പറഞ്ഞ ചിത്രത്തിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.

ബേസിലിന്റെ 'ജയ ജയ ജയ ജയ ഹേ'

അടുത്ത കാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നര്‍മത്തില്‍ പൊതിഞ്ഞെത്തിയ ചിത്രം മലയാളികൾ ഒന്നടങ്കം സ്വീകരിച്ചു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ രാജേഷ് എന്ന കഥാപാത്രമായി ബേസിൽ കസറിയപ്പോൾ ജയയായി ദർശന സ്കോർ ചെയ്തു. ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. അവകാശവാദങ്ങളൊന്നും ഇല്ലാതെ തിയറ്ററിൽ എത്തിയ ചിത്രം 40 കോടിയിലേറെ രൂപ കളക്ട് ചെയ്തു. നവംബർ വരെയുള്ള കണക്കാണിത്.

മോഹൻലാലിന്റെ 'പന്ത്രണ്ടാമൻ'

ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ തരക്കേടില്ലാത്ത വിജയമായി മാറി. ഹോട്ട്സ്റ്റാറിലൂടെ മേയ് 20നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു ട്വൽത്ത് മാൻ. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയായിരുന്നു ഇത്.

വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്

വിനീത് ശ്രീനിവാസനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. മുകുന്ദന്‍ ഉണ്ണി എന്ന ചുറുചുറുക്കുള്ള അഭിഭാഷകനാണ് വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം വിമൽ ഗോപാലകൃഷ്‍ണനും ചേര്‍ന്നാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറമൂട്, ആർഷ ചാന്ദിനി ബൈജു, സുധി കോപ്പ, തൻവി റാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയ സൈറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. വിനീത് ശ്രീനിവാസന്റെ പാവത്താൻ ഇമേജ് മാറ്റിയെടുത്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു.

ടൊവിനോയുടെ 'തല്ലുമാല'

2022 ലെ വിജയ ചിത്രങ്ങളിൽ ഒന്നാണ് ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒന്നിനുപിന്നാലെ ഒന്നെന്ന രീതിയില്‍ കോര്‍ത്ത ഒന്നായിരുന്നു. തിയറ്റര്‍ വിജയത്തിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയപ്പോഴും ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചത്. ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത് 71.36 കോടിയാണ്. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. കല്യാണി പ്രിയദർശൻ ആയിരുന്നു നായിക. ചിത്രത്തിന്‍റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് നിർവഹിച്ചത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

എൽജെപിയുടെ മമ്മൂട്ടി ചിത്രം

പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മലയാള സിനിമയിലെ യുവ സംവിധായകരിൽ അഗ്രഗണ്യനായ ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സിനിമാപ്രേമികള്‍ ഏറെനാളായി ആവേശപൂര്‍വ്വം കാത്തിരുന്ന ചിത്രം ഈ വർഷത്തെ ഐഎഫ്എഫ്കെയിലാണ് പ്രദർശിപ്പിച്ചത്. എൽജെപിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾ വെറുതെ ആയില്ല എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.  ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്‍റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്‍റേതാണ് ഛായാഗ്രഹണം. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. അശോകന്‍, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴിക കല്ല് കൂടിയാണ് നൻപകൽ നേരത്ത് മയക്കം.

തരുൺ മൂർത്തിയുടെ 'സൗദി വെള്ളക്ക'

ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് 'സൗദി വെള്ളക്ക'. ഒരു ഹിറ്റ് സമ്മാനിച്ച തരുൺ മൂർത്തി വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർ ഏറെ ആവേശത്തിലും പ്രതീക്ഷയിലും ആയിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രസകരവും കൗതുകം നിറഞ്ഞതുമായ ഒരു കേസും അതിന് പിന്നിൽ നിരവധിപേരുടെ ആകാംക്ഷ ജനിപ്പിക്കുന്ന യാത്രയുമാണ് സിനിമയുടെ പ്രമേയം. തരുൺ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഓപ്പറേഷൻ ജാവയിൽ എഎസ്ഐ ജോയ് ആയെത്തിയ ബിനു പപ്പുവും വിനയദാസനായെത്തിയ ലുക്മാൻ അവറാനും ശ്രദ്ധേയമായ വേഷത്തിൽ സൗദി വെള്ളക്കയിലും ഉണ്ട്. ഇവരെ കൂടാതെ സിദ്ധാർഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലൻ, റിയ സെയ്റ, ധന്യ, അനന്യ എന്നിവർക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ഒട്ടനവധി പേരുമുണ്ട്.

കൂടാതെ പുഴു എന്ന ചിത്രത്തിലൂടെ വീണ്ടും മമ്മൂട്ടി മലയാളികളെ ഞെട്ടിച്ചു. രതീനാ ആയിരുന്നു സംവിധാനം. മമ്മൂട്ടി ആദ്യമായി ഒരു സംവിധായികയുടെ കൂടെ പ്രവർത്തിച്ച സിനിമ പ്രേക്ഷക - നിരൂപക പ്രശംസകൾ നേടി. സുരേഷ് ഗോപിയുടെ പാപ്പൻ, നിഖില വിമൽ , നസ്ലിൻ, മാതൃു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോ ആന്റ് ജോ എന്നിവയും മികച്ച സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്താം. അനശ്വര രാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർ ശരണ്യ , ബേസിൽ ജോസഫിന്റെ പാൽതൂ ജാൻവർ, ജീത്തു ജോസഫിന്റെ കൂമൻ ഉണ്ണി മുകുന്ദന്റെ ഷഫീഖിന്റെ സന്തോഷം  എന്നിവയും മികച്ച സിനിമകളാണ്.

അതേസമയം, മോഹൻലാലിന്റെയും മഞ്ജുവാര്യരും ചിത്രങ്ങളിലൊന്നിന് പോലും ഈ വർഷം തീയേറ്ററിൽ നേട്ടമുണ്ടാക്കാനായില്ല. എന്നാൽ, കെ ജി എഫ് ടു, പൊന്നിയിൻ സെൽവൻ 1, വിക്രം , കാന്താര , അവതാർ ടു തുടങ്ങിയ അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ മികച്ച വിജയങ്ങളും പ്രശംസയും ഏറ്റുവാങ്ങി. 2022ൽ പുറത്തിറങ്ങിയ മികച്ച സിനിമകൾ ഇനിയും ഉണ്ടാകാം. അവ പ്രേക്ഷകർക്ക് പൂരിപ്പിക്കാവുന്നതാണ്.

click me!