
തിരുവനന്തപുരം: ഹിഗ്വിറ്റ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. ഫിലിം ചേമ്പർ കത്ത് ഇല്ലാതെ ആണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. പേരിന്‍റെ കാര്യത്തിൽ എൻ എസ് മാധവനുമായി ധാരണയില്ലെത്താതെ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള കത്ത് നൽകില്ലെന്നാണ് ഫിലിം ചേന്പർ നിലപാട്. ജനുവരി ആദ്യ വാരം സിനിമയുടെ റിലീസിനു ശ്രമിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ പേര് സംബന്ധിച്ച് സമവായമുണ്ടായിരുന്നില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചില്ലായിരുന്നു. ഇതോടെ വിലക്കുമായി മുന്നോട്ടെന്ന് ഫിലിം ചേംബർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.
എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഹിഗ്വിറ്റയെന്ന പേരിടാൻ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടണമെന്നായിരുന്നു ഫിലിം ചേംബർ ആവശ്യപ്പെട്ടത്.
മലയാളത്തിലെ പ്രശസ്തമായ ഹിഗ്വിറ്റയെന്ന ചെറുകഥയുടെ പേര് സിനിമയ്ക്ക് നൽകുന്നതിന് എഴുത്തുകാരനായ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടിയില്ല എന്ന് കാണിച്ചായിരുന്നു വിലക്ക്. എൻ എസ് മാധവന്റെ പരാതിയിലായിലായിരുന്നു ഫിലിം ചേമ്പറിന്റെ നടപടി. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിലക്കെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയപ്പെട്ടതോടെയാണ് നിയമപരമായി മുന്നോട്ടുപോകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്.
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഹിഗ്വിറ്റ'. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും.മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ