സ്‍ഫടികം റീ റിലീസിന്‍റെ ഫസ്റ്റ് ലുക്ക് നാളെ വരേണ്ടതായിരുന്നു, ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റി: ഭദ്രന്‍

By Web TeamFirst Published Mar 29, 2020, 10:58 AM IST
Highlights

'പ്രസാദ് ലാബിലാണ് റെസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. അമേരിക്കയിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം..'

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായ 'സ്ഫടിക'ത്തിന്‍റെ ഡിജിറ്റല്‍ റെസ്റ്റൊറേഷനെക്കുറിച്ചും റീ റിലീസിംഗ് പദ്ധതിയെക്കുറിച്ചും സിനിമാപ്രേമികള്‍ക്ക് അറിവുള്ളതാണ്. ഭദ്രന്‍ തന്നെയാണ് അക്കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നത്. റിലീസിന്‍റെ 25-ാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന വേളയില്‍ പുതിയ ദൃശ്യ, ശ്രാവ്യ മികവോടെ ചിത്രം റീ റിലീസ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. 1995 മാര്‍ച്ച് 30നാണ് സ്ഫടികം മലയാളികള്‍ക്ക് മുന്നിലെത്തിയത്. അതായത് നാളെയാണ് സ്ഫടികത്തിന്‍റെ 25-ാം വാര്‍ഷികം. റീ റിലീസിംഗിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ അത് മാറ്റിവച്ചിരിക്കുകയാണെന്നും മനോരമ ദിനപത്രത്തോട് ഭദ്രന്‍ പറഞ്ഞു. ഡിജിറ്റല്‍ പതിപ്പ് ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

"സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്." സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയാണെന്നും ചിത്ര ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണെന്നും ഭദ്രന്‍ പറയുന്നു.

 

"പ്രസാദ് ലാബിലാണ് റെസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. അമേരിക്കയിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിര്‍മ്മാതാവ് ആര്‍ മോഹനില്‍ നിന്ന് വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ട്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ്." 25-ാം വാര്‍ഷിക ദിനത്തില്‍ മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനമെന്നും എന്നാല്‍ കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത് മാറ്റിവച്ചിരിക്കുകയാണെന്നും ഭദ്രന്‍ പറയുന്നു.

click me!