
യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' ക്യാരക്ടർ ഇൻട്രോ വിവാദത്തിൽ പ്രതികരണവുമായി ഭാവന. തനിക്ക് ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്നും, അത്തരം കാര്യങ്ങൾ താൻ ഗീതു മോഹൻദാസുമായി സംസാരിക്കാറില്ലെന്നും ഭാവന പറയുന്നു. ഇപ്പോൾ നേരിടുന്ന വിമർശനങ്ങൾ മുൻപ് പറഞ്ഞ കാര്യങ്ങൾ കൊണ്ടാണെന്നും, ഒരു ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാവൂ എന്ന് താൻ ഒരിക്കലും പറയില്ലെന്നും ഭാവന കൂട്ടിച്ചേർത്തു.
"എനിക്ക് ആ ചിത്രത്തിന്റെ ഉളളടക്കത്തെക്കുറിച്ച് അറിയില്ല. അത്തരം കാര്യങ്ങള്‍ ഞാന്‍ ഗീതുവുമായി സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ ഒരു ടീസര്‍ വെച്ച് എനിക്ക് ചിത്രത്തെക്കുറിച്ച് സംസാരിക്കാനും പറ്റില്ല. ഇപ്പോള്‍ നേരിടേണ്ടി വരുന്ന വിമര്‍ശനം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ഹീറോ ആണെങ്കില്‍ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും ഞാന്‍ പറയില്ല. സിനിമ എന്ന വിഷ്വല്‍ മീഡിയ അങ്ങനെയാണ്, നല്ലതും നടക്കുന്നുണ്ട് മോശവും നടക്കുന്നുണ്ട്. ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം നല്ല റോളുകള്‍ മാത്രമേ ഞാന്‍ ചെയ്യുള്ളൂ എന്നത് ഒരു നല്ല തീരുമാനമായി എനിക്ക് തോന്നിയിട്ടില്ല." ഭാവന പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം.
അതേസമയം അനോമിയാണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത് ചിത്രമാണിത്. ഫെബ്രുവരി ആറിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്.
ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവനയ്ക്കൊപ്പം തന്നെ നടൻ റഹ്മാന്റെ സ്നാഗും സ്ക്രീൻ പ്രസൻസും ടീസറിന്റെ പ്രധാന ആകർഷണമാണ്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസർ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്. ഭാവനയാകട്ടെ സാറ എന്ന ഫോറൻസിക് അനലിസ്റ്റായി കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്‍ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ