'ഭീഷ്‍മ പര്‍വ്വം'; സാങ്കേതിക പ്രവര്‍ത്തകരെ പ്രഖ്യാപിച്ച് മമ്മൂട്ടി

By Web TeamFirst Published Feb 19, 2021, 9:11 PM IST
Highlights


'ബിഗ് ബി' പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഈ മാസം ഏഴിനാണ് പ്രഖ്യാപിക്കപ്പെട്ടത്

അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ താന്‍ നായകനാവുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ പ്രഖ്യാപിച്ച് മമ്മൂട്ടി. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം  സുഷിന്‍ ശ്യാം ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍ പി ടി. അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ ജെ മുരുകന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു. വസ്ത്രാലങ്കാരം സമീറ സനീഷ്. സൗണ്ട് ഡിസൈന്‍ തപസ് നായക്. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. പബ്ലിസിറ്റി സ്റ്റില്‍സ് ഷഹീന്‍ താഹ. പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ്‍മങ്ക്സ്.

'ബിഗ് ബി' പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഈ മാസം ഏഴിനാണ് പ്രഖ്യാപിക്കപ്പെട്ടത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നതിനെത്തുടര്‍ന്നാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാന്‍ അമല്‍ നീരദ് തീരുമാനിച്ചത്. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊച്ചിയാവും പ്രധാന ലൊക്കേഷന്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അറിയുന്നു.

click me!