പ്രിയദര്‍ശനും അക്ഷയ്കുമാറും ഇല്ല; 'ഭൂല്‍ ഭുലയ്യ'യുടെ രണ്ടാം ഭാഗം വരുന്നു

By Web TeamFirst Published Aug 19, 2019, 10:19 AM IST
Highlights

ഹല്‍ചല്‍, നോ എന്‍ട്രി, റെഡി തുടങ്ങിയ ചിത്രങ്ങളൊക്കെ ഒരുക്കിയ അനീസ് ബസ്മിയാണ് ചിത്രത്തിന്റെ സംവിധാനം. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാര്‍ത്തിക് ആര്യനും.
 

'മണിച്ചിത്രത്താഴി'നോളം റീമേക്കുകള്‍ ഉണ്ടായിട്ടുള്ള മറ്റൊരു മലയാളം ചിത്രമില്ല. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ബംഗാളിയില്‍ വരെ മലയാളികളുടെ എക്കാലത്തെയും പ്രിയചിത്രം റീമേക്ക് ചെയ്യപ്പെട്ടു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ 'ഭൂല്‍ ഭുലയ്യ'യായിരുന്നു മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക്. മോഹന്‍ലാലിന്റെ 'ഡോ. സണ്ണി' ബോളിവുഡിലെത്തിയപ്പോള്‍ 'ഡോ. ആദിത്യ ശ്രീവാസ്തവ്' ആയിരുന്നു. അവതരിപ്പിച്ചത് അക്ഷയ് കുമാറും. ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാംഭാഗം പുറത്തുവരുന്നു. പക്ഷേ പ്രിയദര്‍ശനോ അക്ഷയ്കുമാറോ രണ്ടാംഭാഗവുമായി സഹകരിക്കുന്നില്ല.

ഹല്‍ചല്‍, നോ എന്‍ട്രി, റെഡി തുടങ്ങിയ ചിത്രങ്ങളൊക്കെ ഒരുക്കിയ അനീസ് ബസ്മിയാണ് ചിത്രത്തിന്റെ സംവിധാനം. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാര്‍ത്തിക് ആര്യനും. 'സോനു കെ ടിട്ടു കി സ്വീറ്റി'യുടെ വന്‍ വിജയത്തിന് ശേഷം ഒട്ടേറെ അവസരങ്ങളാണ് കാര്‍ത്തിക്കിനെ തേടിയെത്തുന്നത്. ഫസ്റ്റ് ലുക്കിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയ്യതിയും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 2020 ജൂലൈ 31ന് ചിത്രം തീയേറ്ററുകളിലെത്തും.

ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍ കാര്‍ത്തിക് ആര്യന്‍ മാത്രമാണുള്ളത്. മറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് അറിവായിട്ടില്ല. ആദ്യഭാഗത്തില്‍ അക്ഷയ് കുമാറിനൊപ്പം വിദ്യാ ബാലനും ഷൈനി അഹൂജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

click me!