
ബിഗ് ബോസ് സീസൺ ആറില്‍ ആരാധകർ നെഞ്ചേറ്റിയ കോമ്പോ ആയിരുന്നു അർജുനും ശ്രീതുവും. ഷോ കഴിഞ്ഞതിന് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം അതുപോലെ തന്നെ സൂക്ഷിക്കുന്നുണ്ട്. ബിഗ്ബോസിനെത്തുടർന്ന് ഇവർ പല പരസ്യങ്ങളിലും ആൽബങ്ങളിലും ഒന്നിച്ച് ഉണ്ടായിരുന്നു. ഇരുവരുമിപ്പോൾ 'മദ്രാസ് മലർ' എന്ന ഷോർട് ഫിലിമിലൂടെയും ഒന്നിച്ചിരിക്കുകയാണ്. ഷോർട് ഫിലിമിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇരുവരും നൽകിയ അഭിമുഖങ്ങളും ശ്രദ്ധ നേടുകയാണ്.
അർജുന്റെ കയ്യിൽ എപ്പോഴും കാണുന്ന മോതിരത്തെപ്പറ്റിയും താരം തുറന്നു സംസാരിച്ചു. ''ശ്രീതുവിനോട് ബിഗ് ബോസിൽ വെച്ച് ഞാൻ ചോദിച്ച് വാങ്ങിയതാണ് ആ മോതിരം. എന്നെ സംബന്ധിച്ച് ബിഗ് ബോസ് പ്ലാറ്റ്ഫോം എന്നത് എന്റെ ജീവിതം മാറ്റിമറിച്ച സ്ഥലമാണ്. ഞാനും ഇതുപോലൊരു മോതിരം കൊണ്ടുവന്നിരുന്നു. അവർ എനിക്ക് അത് തന്നില്ല. ശ്രീതുവിന്റെ കൈയ്യിൽ ഈ മോതിരം കണ്ടപ്പോൾ എനിക്ക് തരുമോ ചോദിച്ചു, അങ്ങനെ ചോദിച്ചു വാങ്ങിയ മോതിരമാണിത്'', അർജുൻ പറഞ്ഞു.
നിങ്ങൾ പ്രണയത്തിലാണോ വിവാഹിതരാകുമോ തുടങ്ങിയ ചോദ്യങ്ങളോടും അർജുൻ പ്രതികരിച്ചു. ''ഞങ്ങളെ ഇഷ്ടപ്പെടുന്ന ആളുകൾ ഞങ്ങളുടെ കോമ്പോ കാണാൻ ഇഷ്ടമുള്ളവരാണ്. മദ്രാസ് മലരിൽ അത് കാണാം. അല്ലാതെ മറ്റൊന്നും ഞങ്ങൾക്കിടയിൽ ഇല്ല'', ശ്രീതു പറഞ്ഞു. പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശ്രീതുവിന്റെ മറുപടി. എന്നാൽ തനിക്ക് പ്രണയം ഉണ്ട്, അതൊരു വ്യക്തിയല്ല, മറിച്ച് ചെയ്യുന്ന ജോലിയോട് ആണെന്നുമായിരുന്നു ചിരിച്ചുകൊണ്ട് അർജുന്റെ പ്രതികരണം. ഇത് ശരിക്കും ക്രിഞ്ചായിപ്പോയി എന്നായിരുന്നു അർജുന്റെ ഉത്തരത്തോട് ശ്രീതുവിന്റെ മറുപടി.
ബിഗ് ബോസിൽ ഇരുവരുടെയും കോമ്പോ പ്രണയമെന്ന നിലയിലായിരുന്നു പുറത്ത് പലരും ചർച്ച ചെയ്‍തത്. 'ശ്രീജുൻ' കോമ്പോ ആഘോഷമാക്കിയ ആരാധകരും ഹൗസിന് പുറത്തെത്തിയാൽ ഇവർ ഇഷ്ടം തുറന്ന് പറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബിഗ് ബോസിന് ഉള്ളിലും പുറത്തും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് അർജുനും ശ്രീതുവും മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു.
Read More: സര്‍പ്രൈസ് ഹിറ്റിന്റെ സംവിധായകനൊപ്പം മമ്മൂട്ടി, ഇതാ വമ്പൻ പ്രഖ്യാപനം<
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക