
ബിഗ്ബോസ് താരങ്ങളായ അർജുൻ ശ്യാമും ശ്രീതു കൃഷ്ണനും പ്രധാനവേഷങ്ങളിലെത്തുന്ന 'മദ്രാസ് മലർ' എന്ന ഷോർട് ഫിലിമിനെ ഏറ്റെടുത്ത് പ്രേക്ഷകർ. അർജുൻ, ശ്രീതു എന്നീ പേരുകളിൽ തന്നെയാണ് ഇവർ ഈ ഷോർട് ഫിലിമിലും അഭിനയിച്ചിരിക്കുന്നത്. മദ്രാസ് മലരിലെ അഭിനേതാക്കളുടെ പ്രകടനവും സംവിധാനവും സംഗീതവുമെല്ലാം ഒരുപോലെ കയ്യടി നേടുന്നുണ്ട്. അതിമനോഹരമായ ഫ്രെയിമുകളാണ് മറ്റൊരു പ്രത്യേകത.
ഒരു നിയോഗം പോലെ ജീവിതത്തിലേക്കു കടന്നുവന്ന്, നമ്മുടെ വിജയത്തിനായി നമ്മളെക്കാൾ കൂടുതലായി ആഗ്രഹിക്കുകയും ആ ലക്ഷ്യത്തിൽ നമ്മളെത്തിച്ചേർന്നാൽ സന്തോഷിക്കുകയും ദൂരെ എവിടെയോ നിന്ന് ആ വിജയം കാണുകയും ചെയ്യുന്നവരുടെ കഥയാണ് മദ്രാസ് മലർ. യൂ ട്യൂബിലാണ് ഈ ഹ്രസ്വിത്രം റീലിസ് ചെയ്തിരിക്കുന്നത്.
സംവിധായകൻ ആകണമെന്ന് ആഗ്രഹിച്ച് അതിനു വേണ്ടി പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരനായിട്ടാണ് അർജുൻ മദ്രാസ് മലരിൽ അഭിനയിച്ചിരിക്കുന്നത്. അർജുന്റെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്നയാളാണ് ശ്രീതു. ബിഗ് ബോസിൽ ശ്രീതുവിന്റെ 'അർജുനേ..' എന്നുള്ള നീട്ടിവിളി ഹിറ്റായിരുന്നു. ഇതും മദ്രാസ് മലരിൽ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.
ആയിഷ സീനത്ത്, ജയകൃഷ്ണൻ, സിദ്ധാർഥ് രാജൻ, പ്രഭ, വിനയ്, മഹി തുടങ്ങിയവരാണ് മദ്രാസ് മലരിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനു ഡാവിഞ്ചിയാണ് ചിത്രത്തിന്റെ സംവിധായകൻ. നടൻ പ്രദീപ് കോട്ടയത്തിന്റെ മകനായ വിഷ്ണു ശിവ പ്രദീപ് ആണ് രചന നിർവഹിച്ചിരിക്കുന്നത്. സിനോജ്.പി.അയ്യപ്പനും അമോഷ് പുതിയാട്ടിലുമാണ് ഛായാഗ്രഹകർ. പിയസ് ഹെൻറിയും വൈശാഖ് രവിയും ചേർന്നാണ് ഈ ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത്. മുകുന്ദൻ രാമനും ടിറ്റോ.പി.തങ്കച്ചനും എഴുതിയ വരികൾക്കു സംഗീതം നൽകിയിരിക്കുന്നത് അജിത്ത് മാത്യു ആണ്. വിനീത് ശ്രീനിവാസൻ, ആര്യ ദയാൽ, അഭിജിത്ത് ദാമോദരൻ എന്നിവർ പാടിയ ഇതിലെ ഗാനങ്ങളും പ്രേക്ഷകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..