Latest Videos

ഇതാണ് ഹീറോയിസം; മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്ന സ്കൂളിൽ റോബിന്റെ മാസ് എൻട്രി

By Web TeamFirst Published Sep 3, 2022, 9:58 AM IST
Highlights

മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്ന സ്കൂളിൽ അതിഥിയായി എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് റോബിൻ. അഭിമാന നിമിഷം എന്നാണ് വീഡിയോ പങ്കുവച്ച് റോബിൻ കുറിച്ചത്. 

ബി​ഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ മത്സരാർത്ഥിയായി എത്തി വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തെന്ന പേരിൽ ഷോയിൽ നിന്നും പുറത്താക്കപ്പെട്ട റോബിന് മറ്റൊരു മത്സരാർത്ഥികൾക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്റ്റേജ് ഷോകളിലും ഉദ്ഘാടന വേദികളിലും റോബിൻ എത്തുമ്പോഴുള്ള ജനസാ​ഗരം തന്നെയാണ് അതിന് തെളിവ്. ഡോക്ടർ, മോട്ടിവേറ്റർ എന്നീ ടാ​ഗ് ലൈനോടെ ബി​ഗ് ബോസിൽ എത്തിയ റോബിൻ ഇപ്പോൾ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നിറവേറ്റുകയാണ്. ഇപ്പോഴിതാ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്ന സ്കൂളിൽ അതിഥിയായി എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് റോബിൻ. അഭിമാന നിമിഷം എന്നാണ് വീഡിയോ പങ്കുവച്ച് റോബിൻ കുറിച്ചത്. 

റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ

ഇതാദ്യമായിട്ടാണ് ഈ സ്കൂളിലെ മൈക്ക് ഉപയോഗിക്കുന്നത്. പണ്ട് സ്റ്റേജിൽ ഓരോരുത്തരും സംസാരിക്കുന്നത് കാണുമ്പോൾ എന്നെങ്കിലും ഈ മൈക്കിന്റെ മുന്നിൽ വന്ന് സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ ഈ സ്കൂളിൽ നിന്നും പോയിട്ട് 16 വർഷമായി. ഇവിടെ വന്നപ്പോൾ തന്നെ ഒത്തിരി ഓർമകളാണ് മനസ്സിൽ വന്നത്. അന്നും ഈ ഓഡിറ്റോറിയം ഉണ്ട്. എന്റെ അധ്യാപകരെല്ലാം തന്നെ ഇപ്പോഴും സുന്ദരി സുന്ദരന്മാരാണ്. നല്ലൊരു കാലഘട്ടമായിരുന്നു എനിക്കിവിടെ നിന്നും ലഭിച്ചത്. അധികം പഠിക്കാത്ത ഒരു ബിലോ ആവറേജ് വിദ്യാർത്ഥി ആയിരുന്നു ഞാൻ. ബാക്ക് ബഞ്ചറായ മിക്ക പരീക്ഷകളിലും പരാജയം നേരിട്ട ഒരു കുരുത്തം കെട്ട കുട്ടിയായിരുന്നു. അധ്യാപകർക്ക് എന്നെ കൊണ്ട് തലവേദന ആയിരുന്നു. വലുതാകുമ്പോൾ എന്താകണം എന്നതിനെ പറ്റിയൊരു ധാരണയെന്നും അന്ന് എനിക്കില്ലായിരുന്നു. സ്കൂളിൽ വരുന്നു, പഠിക്കുന്നു, എല്ലാവരുമായി എൻജോയ് ചെയ്യുന്നു, ഹാപ്പി ആകുന്നു, പോകുന്നു. ഇവിടുന്ന് പത്ത് പാസൗട്ട് ആകുന്ന സമയത്ത് എനിക്ക് വളരെ കുറച്ച് മാർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അച്ഛൻ ടിസി വാങ്ങാൻ വരുന്ന സമയത്ത് ഞാൻ അധ്യാപകരോട് സംസാരിക്കുന്നതൊക്കെ ഓർക്കുകയാണ്. നിനക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നിട്ടും എന്തുകൊണ്ട് പഠിച്ചില്ല എന്ന് അച്ഛൻ എന്നോട് ചോദിച്ച് വഴക്ക് പറഞ്ഞു. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞായിരുന്നു അന്ന് ഞാൻ ഈ സ്കൂളിൽ നിന്നും പോകുന്നത്. പക്ഷേ അന്ന് ഞാൻ എന്നോട് തന്നെ ഒരു പ്രതി‍‍ജ്ഞ എടുത്തിരുന്നു, തിരിച്ച് ഈ സ്കൂളിൽ എന്നെങ്കിലും കാലുകുത്തുന്നുണ്ടെങ്കിൽ അത് ​ഗസ്റ്റ് ആയിട്ട് മാത്രമാകുമെന്ന്. എന്റെ ആ വലിയ ആ​ഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ആ ആ​ഗ്രഹത്തിലേക്ക് എത്താൻ വേണ്ടി 16 വർഷം ഞാൻ കഷ്ടപ്പെട്ടു. കഠിനാധ്വാനം ചെയ്തു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് എംജിഎം മോഡൽ സ്കൂളിൽ അതിഥിയായി പോകുന്ന സന്തോഷം റോബിൻ പങ്കുവച്ചിരുന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. 'ഇതാണ് ഞാൻ പതിനാറ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് തന്നെ നൽകിയ പ്രോമിസ്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ​ഗെസ്റ്റായി അതേ സ്കൂളിലേക്ക് പോകാൻ പോകുന്നു. സക്സസിന് മറ്റൊരു സീക്രട്ടും ഇല്ല. തോൽവികളിൽ നിന്നും പഠിക്കുക, കഠിനാധ്വാനം ചെയ്യുക, തയ്യാറെടുപ്പുകൾ നടത്തുക എന്നത് മാത്രമാണ് വഴി', എന്നാണ് റോബിൻ അന്ന് കുറിച്ചത്. 

മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്നു; അതേ സ്കൂളിൽ അതിഥിയായി റോബിൻ; ഇത് വിജയചരിതം

click me!