സുശാന്ത് സിംഗിന്‍റെ മരണം: 'ദില്‍ ബേചാര' അണിയറക്കാരെ ചോദ്യം ചെയ്യാന്‍ ബിഹാര്‍ പൊലീസ്

By Web TeamFirst Published Aug 1, 2020, 10:40 AM IST
Highlights

അതേസമയം സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ആദ്യം മുതല്‍ അന്വേഷിക്കുന്നത് മുംബൈ പൊലീസ് ആണ്. നടന്‍റെ ആത്മഹത്യയുടെ പിന്നിലുള്ള കാരണവും അതില്‍ ബോളിവുഡ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്നതുമാണ് മുംബൈ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. 

മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ ബിഹാര്‍ പൊലീസ്. സുശാന്ത് അവസാനമായി അഭിനയിച്ച് അടുത്തിടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയ 'ദില്‍ ബേചാര' എന്ന സിനിമയുമായി ബന്ധപ്പെട്ടവരെയാവും ബിഹാര്‍ പൊലീസ് ചോദ്യം ചെയ്യുക. സുശാന്ത് സിംഗിന്‍റെ മരണത്തില്‍ മുന്‍ കാമുകി റിയ ചക്രവര്‍ത്തിയുടെ പങ്ക് അന്വേഷിക്കണമെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ ഊന്നിയാണ് ബിഹാര്‍ പൊലീസിന്‍റെ അന്വേഷണം.

അതേസമയം സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ആദ്യം മുതല്‍ അന്വേഷിക്കുന്നത് മുംബൈ പൊലീസ് ആണ്. നടന്‍റെ ആത്മഹത്യയുടെ പിന്നിലുള്ള കാരണവും അതില്‍ ബോളിവുഡ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്നതുമാണ് മുംബൈ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സിനിമാമേഖലയിലെ പ്രമുഖരടക്കം നിരവധി പേരെ മുംബൈ പൊലീസ് ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. അതേസമയം രണ്ട് സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുകളുടെ വ്യത്യസ്ത അന്വേഷണങ്ങള്‍ അഭിപ്രായവ്യത്യാസങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

സുശാന്ത് കേസുമായി ബന്ധപ്പെട്ട തങ്ങളുടെ അന്വേഷണവുമായി മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബിഹാര്‍ പൊലീസ് നടത്തുന്ന നീതിയുക്തമായ അന്വേഷണത്തിന് മുംബൈ പൊലീസ് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായമെന്നും സുശീല്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തി അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. 
 

click me!