പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആട് 3 ലേക്ക് പുതിയൊരു വിദേശ താരത്തെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പരിചയപ്പെടുത്തിയിരിക്കുകയാണ്

മലയാളികള്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആട് 3. തിയറ്ററില്‍ അത്രത്തോളം ഓളമുണ്ടാക്കിയ ഷാജി പാപ്പനും കൂട്ടുകാരും ഇടവേളയ്ക്ക് ശേഷം വീണ്ടും വരുന്നു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇപ്പോഴിതാ ആട് ആദ്യ രണ്ട് ഭാഗങ്ങളിലും ഇല്ലാതിരുന്ന ഒരു പുതിയ താരത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. അലെയ ബോണ്‍ എന്ന വിദേശ താരമാണ് ഇത്. നടിയും സ്റ്റണ്ട് താരവുമായ ഇവര്‍ പാര്‍ക്കൗറില്‍ വിദഗ്ധ പരിശീലനം നേടിയ ആളുമാണ്. ആട് 3 ലെ ക്യാരക്റ്റര്‍ പോസ്റ്ററിനൊപ്പമാണ് മിഥുന്‍ അലെയയെ പരിചയപ്പെടുത്തിയിരിക്കുന്നത്. കെയ്റ്റ് ലാറ എന്നാണ് ആട് 3 ല്‍ അലെയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൽ നിന്നുള്ള ക്യാരക്ടർ പോസ്റ്ററുകൾ നേരത്തേ പുറത്തെത്തിയിരുന്നു. എന്നാല്‍ അവ പഴയ രാജഭരണ കാലത്തെ കഥാപാത്രങ്ങളുടെ വേഷത്തിലായിരുന്നു. ഇന്നാണ് നിലവിലെ കാലത്തെ കഥാപാത്രങ്ങളുടെ ലുക്കുകള്‍ അവതരിപ്പിക്കുന്നത്. ഇതില്‍ സണ്ണി വെയ്നിന്‍റെ സാത്താന്‍ സേവ്യര്‍, സൈജു കുറുപ്പിന്‍റെ അറയ്ക്കല്‍ അബു, ധര്‍മ്മജന്‍ ബോല്‍ഗാട്ടിയുടെ ക്യാപ്റ്റന്‍ ക്ലീറ്റസ് എന്നിവരുടെ പോസ്റ്ററുകള്‍ ആദ്യം പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് അലെയയുടെ പോസ്റ്ററും എത്തിയിരിക്കുന്നത്.

View post on Instagram

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018, അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാഞ്ചൈസിലേക്ക് കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3. ചിത്രീകരണം പൂർത്തിയായ ചിത്രം ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ഛായാഗ്രഹണം അഖിൽ ജോർജ്ജ്, സംഗീതം ഷാൻ റഹ്മാൻ, എഡിറ്റർ ലിജോ പോൾ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming