Bilal Movie : അടുത്തത് 'ബിലാല്‍'? അമല്‍ നീരദിന്‍റെ മറുപടി

Published : Mar 06, 2022, 12:31 PM IST
Bilal Movie : അടുത്തത് 'ബിലാല്‍'? അമല്‍ നീരദിന്‍റെ മറുപടി

Synopsis

ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ആദ്യം പ്രഖ്യാപിച്ചതും ചെയ്യാന്‍ തീരുമാനിച്ചിരുന്നതും.

കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഭീഷ്‍മ പര്‍വ്വം (Bheeshma Parvam). ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും (Amal Neerad) മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന വന്‍ പ്രീ-റിലീസ് ഹൈപ്പിനെ ചിത്രം സാധൂകരിച്ചതോടെ മികച്ച വാരാന്ത്യ ഓപണിംഗ് ആണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യദിനങ്ങളില്‍ ചില്ലറ നെഗറ്റീവ് അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നെങ്കിലും വാരാന്ത്യത്തില്‍ മികച്ച ബുക്കിംഗ് ആണ് എല്ലാ സെന്‍ററുകളിലും തന്നെ ചിത്രത്തിന്. ഒരിടവേളയ്ക്കു ശേഷം ആവേശം പകരുന്ന മമ്മൂട്ടി (Mammootty) കഥാപാത്രം എന്ന നിലയില്‍ മമ്മൂട്ടി ആരാധകരും ഭീഷ്‍മ പര്‍വ്വം ആഘോഷമാക്കുകയാണ്. അതേസമയം മമ്മൂട്ടിയും അമല്‍ നീരദും ഇനി ചെയ്യുന്ന ചിത്രം ഏതാണെന്ന ആകാംക്ഷയും അവര്‍ക്കിടയിലുണ്ട്.

ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ആദ്യം പ്രഖ്യാപിച്ചതും ചെയ്യാന്‍ തീരുമാനിച്ചിരുന്നതും. എന്നാല്‍ വിദേശ ലൊക്കേഷനുകളും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളും വലിയ കാന്‍വാസുമൊക്കെയുള്ള ഈ ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീളുകയായിരുന്നു. പകരമാണ് ആ ഇടവേളയില്‍ ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതും അമല്‍ അതുമായി മുന്നോട്ടുപോയതും. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ബിഗ് ബിയുടെ സീക്വല്‍ ആയ ബിലാല്‍ തന്നെയാണോ? ഈ ചോദ്യത്തിന് മറുപടി പറയുകയാണ് അമല്‍ നീരദ്. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഈ ചോദ്യത്തിനുള്ള അമലിന്‍റെ പ്രതികരണം ഇങ്ങനെ- രണ്ട് കൊവിഡ് തരംഗങ്ങളെ അതിജീവിച്ചാണ് ഭീഷ്‍മ പര്‍വ്വം പൂര്‍ത്തിയാക്കിയത്. ഓരോ സിനിമ കഴിഞ്ഞും അല്‍പം വിശ്രമിച്ച ശേഷമേ ഞാന്‍ അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിക്കാറുള്ളൂ, അമല്‍ നീരദ് പറയുന്നു.

അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്