
ചൊവ്വാഴ്ചയായിരുന്നു മോഹന്‍ലാലിന്‍റെ 59ാംപിറന്നാള്‍ ദിനം. സിനിമാരംഗത്തെയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ആശംസകളുമായി എത്തിയിരുന്നു്. പിറന്നാള്‍ ദിനം അവസാനിക്കും മുമ്പ് തന്റെ പതിവ് ബ്ലോഗുമായി മോഹന്‍ലാല്‍ എത്തി. പിറന്നാള്‍ ചിന്തകള്‍ എന്ന പേരിലാണ് ലാലിന്‍റെ ബ്ലോഗ് പോസ്റ്റ്. തന്നെ താനാക്കിയ എല്ലാവരോടും നന്ദി അര്‍പ്പിച്ച് കൊണ്ടാണ് ബ്ലോഗ് തുടങ്ങുന്നത്.
ബ്ലോഗിന്റെ പൂര്‍ണരൂപം
വീണ്ടും ഒരു പിറന്നാള്‍ ദിനം…ദിവസങ്ങള്‍ക്ക് മുന്‍പേ ആശംസകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. അതിപ്പോഴും തുടരുന്നു…ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട്, നല്ല തുടര്‍ജീവിതം ആശംസിച്ചു കൊണ്ട്, ആരോഗ്യത്തിനായി പ്രാര്‍ഥിച്ചു കൊണ്ട്. അറിയുന്നവരും അറിയാത്തവരുമായി ഒരുപാട് പേര്‍…ഈ സ്നേഹവും പ്രാര്‍ഥനയുമാണ് എന്നെ ഞാനാക്കിയത്, ഇന്നും ഇടറാതെ നിലനിര്‍ത്തുന്നത് .. ഭാവിയിലേക്ക് സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുന്നത്.. എല്ലാവര്‍ക്കും നന്ദി. എന്റെയും എന്റെ കുടുമ്പത്തിന്റെയും സ്നേഹം.അടുത്ത ദിവസമാകുമ്പോഴേക്കും ആശംസകളുടെ ഈ പെരുമഴ തോരും, ആഘോഷങ്ങള്‍ തീരും എല്ലാവരും പിരിയും..വേദിയില്‍ ഞാന്‍ മാത്രമാകും.. അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കും. ഞാന്‍ നടന്ന ദൂരങ്ങള്‍, എന്റെ കര്‍മങ്ങള്‍ എല്ലാം എന്റെ ഉള്ളില്‍ തെളിഞ്ഞു മായും..fade in fade out ദൃശ്യങ്ങള്‍ പോലെ. അത് കഴിയുമ്പോള്‍ ഒരുപാട് തിരിച്ചറിവുകള്‍, ബോധ്യങ്ങള്‍ എന്നിവയെല്ലാം എന്നിലേക്ക് വന്നു നിറയും, ഞാന്‍ പിന്നെയും യാത്ര തുടരും.
ഇങ്ങനെയാണ് എന്റെ ഓരോ പിറന്നാളുകളും പെയ്തു തീരാറുള്ളത്. യഥാര്‍ഥത്തില്‍ പിറന്നാളുകള്‍ ആഘോഷിക്കാനുള്ളതാണോ എന്ന് ജീവിതത്തെകുറിച്ച് ആഴത്തില്‍ ചിന്തിച്ച പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആ സംശയത്തില്‍ കാര്യവുമുണ്ട്. ഓരോ പിറന്നാളും മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത് നിന്റെ സമയം തീരാറാവുന്നു എന്ന് ആരോ ഓര്‍മപ്പെടുത്തുന്നു. ശേഷിച്ച സമയത്തിന്റെ വില മനസ്സിലാക്കിത്തരുന്നു.. ആ മനസിലാക്കലില്‍ നിന്നാവണം നാം ഭാവി ജീവിതത്തിന് രൂപം നല്കാന്‍.കുറച്ചു ഓവറുകള്‍ മാത്രമേയുള്ളൂ, ജയിക്കണമെങ്കില്‍ ഷോട്ടുകള്‍ കൃത്യമായി തിരഞ്ഞെടുത്തു കളിക്കണം. ആ അവസ്ഥയിലെ ബാറ്റ്സാമാന്റെ മാനസിക നിലയിലാണ് ഓരോ പിറന്നാളുകളും കഴിയുമ്പോഴും ചിന്തിക്കുന്ന മനുഷ്യരും പങ്കുവയ്ക്കുന്നത് എനിക്ക് തോന്നുന്നു.തിരിഞ്ഞ് നോക്കുമ്പോള്‍, കേരളത്തിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ പിറന്ന ഞാന്‍..ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ഒരു മേഖലയില്‍ എത്തിപ്പെട്ടു. അതില്‍പ്പെട്ട് ഒഴുകി. അഭിനയമാണ് എന്റെ അന്നം എന്ന് തിരിച്ചറിഞ്ഞത് കുറേക്കൂടി കഴിഞ്ഞതിന് ശേഷമാണ്.. അന്ന് മുതല്‍ ആത്മാര്‍ഥമായി എന്നെ അര്‍പ്പിക്കുകയായിരുന്നു.
വിജയങ്ങള്‍ ഉണ്ടായി വീഴ്ചകളും.ഒരുപാട് സ്നേഹിക്കപ്പെട്ടു, കുറെയൊക്കെ കല്ലെറിയപ്പെടുകയും ചെയ്തു, ആദരിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെടുകയും ചെയ്തു. രണ്ടിനെയും ബാലന്‍സ് ചെയ്യാന്‍ ആദ്യമൊക്കെ ഞാനേറെ ബുദ്ധിമുട്ടി… പിന്നെ പിന്നെ രണ്ടിനെയും സമചിത്തതയോടെ നേരിടാന്‍ പഠിച്ചു. ദ്വന്ദ്വ സഹനം താപഃ എന്നാണല്ലോ.. ചൂടിനെയും തണുപ്പിനെയും ഉയര്‍ച്ചയെയും വീഴ്ചയെയും ഒരുപോലെ കാണുന്നതാണ് തപസ്സ്. ഇത്തരം കാര്യങ്ങളില്‍ ഞാനിപ്പോള്‍ നിര്‍മമനാണ്.മനുഷ്യര്‍ക്ക് തെറ്റ് പറ്റും. മനുഷ്യര്‍ക്കേ തെറ്റ് പറ്റൂ.. ലോകയാത്രയില്‍ ഒരുപാട് മാലിന്യം യാത്രികന്റെ ശരീരത്തില്‍ പെടും. അത് യാത്രികന്റെ വിധിയാണ് എന്നാല്‍ ആ മാലിന്യം ആത്മാവിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നെനിക്ക് തോന്നുന്നു…മനസ്സ് എന്ന സാളഗ്രാമത്തെ ചളിയോ പൊടിയോ പുരളാത്ത കാത്ത് സൂക്ഷിക്കുക… ആത്മാവിന്റെ ചൈതന്യത്തെ നിരന്തരം വര്‍ധിപ്പിക്കുകആസക്തികള്‍ സ്വയം കൊഴിഞ്ഞുപോകുന്നത് സാക്ഷിയെപ്പോലെ കണ്ടിരിക്കുക. വാര്‍ധക്യം പതുക്കെപ്പതുക്കെ നടന്ന് വന്ന് നമ്മളില്‍ പടരുന്നത് കണ്ണടച്ചിരുന്നത് അനുഭവിക്കുക. അതൊരു സുഖമാണ്… ഓരോ പിറന്നാള്‍ ദിനത്തിലും അതിന് തൊട്ടുള്ള ദിനങ്ങളിലും ഞാനിത് അനുഭവിക്കുന്നു.നിഷ്‌കളങ്കരായിപ്പിറന്ന മനുഷ്യന്‍ ലോകത്തിന്റെ വാണിഭങ്ങളിലൂടെ കടന്നുപോയി ആരൊക്കെയോ ആയി മാറുന്നു. ഒടുവില്‍ അവന് വീണ്ടും നിഷ്‌കളങ്കനാവേണ്ടതുണ്ട്… എല്ലാ ദര്‍പ്പങ്ങളുടെയും പടം പൊഴിക്കേണ്ടതുണ്ട്.
അപ്പോള്‍ യാത്രയില്‍ എവിടെയോ വെച്ച് പിരിഞ്ഞ്‌പോയ ആ കുട്ടിയുടെ മുഖം തെളിഞ്ഞ് തെളിഞ്ഞ് വരുന്നതായി കാണാം. അവന്‍ അവിടെയുണ്ടായിരുന്നു. ലോകത്തിന്റെ മാലിന്യത്തിനിടയില്‍ കാണാതായതാണ്. ഒരിക്കല്‍ക്കൂടി അവനായി മാറിക്കഴിഞ്ഞാല്‍ നാം തയ്യാറായിക്കഴിഞ്ഞു. പിന്നെ എപ്പോള്‍ വേണമെങ്കിലും പോകാം. ആ കുട്ടിയെ ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. അവനാവാനുള്ള പരിശ്രമത്തിലാണിപ്പോള്‍…ഒരു പഴുത്ത ഇല ഞെട്ടറ്റ് പോകുന്നതുപോലെയാണ് പ്രാണന്‍ പറന്ന് പോവുന്നത് എന്നെവിടെയോ വായിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഒരു തിരമാല കടലില്‍ വീണടിയുന്നത് പോലെ ഒരു മണ്‍കുടം ഉടഞ്ഞ് വീണ്ടും മണ്ണായി മാറുന്നത് പോലെ… അമ്മ മരിച്ചപ്പോള്‍ രമണ മഹര്‍ഷി ‘absorbed’ എന്ന വാക്കാണ് ഉപയോഗിച്ചത് എന്ന് കേട്ടിട്ടുണ്ട്. അങ്ങിനെ ലയിക്കണമെങ്കില്‍ വാനസകളെല്ലാം ഒടുങ്ങണം.
ഒരു മുളന്തുണ്ട് പോലെ മനുഷ്യന്‍ ശൂന്യനാവണം. അതിനാണ് ശ്രമം..ഏറ്റവും മനോഹരമായ മരണമേത് എന്ന് എന്നോട് ചോദിച്ചാല്‍ ശങ്കരാചാര്യയുടേത് എന്നാണ് ഉത്തരം. കാലം കഴിഞ്ഞപ്പോള്‍, കര്‍മങ്ങള്‍ തീര്‍ന്നപ്പോള്‍ കേദാര്‍നാഥും കഴിഞ്ഞ് ഹിമാലയത്തിന്റെ മഞ്ഞു മലകള്‍ക്കപ്പുറത്തേക്ക് അദ്ദേഹം നടന്നു പോയി… അതുപോലെ മാഞ്ഞു പോവുക ഒരു സ്വപ്നമാണ് ഓരോ പിറന്നാള്‍ ദിനത്തിലും ഞാന്‍ ആ സ്വപ്നം കാണാറുണ്ട്.. അത് ഒരിക്കലും യാഥാര്‍ഥ്യമാവില്ലെങ്കിലും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ