
ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത്. മധ്യപ്രദേശിലെ ബിജെപി എംഎൽഎ ആയ നാരായൺ ത്രിപാഠിയാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചത്.
മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് തടയണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെടുന്നു. 'സിനിമയിൽ കാവി നിറം മോശമായി കാണിച്ചു, പ്രകടമായ വഞ്ചനയിൽ, സിനിമാക്കാർ നമ്മുടെ ദൈവങ്ങളെ കളിയാക്കാൻ ശ്രമിച്ചു. ഇത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അധിക്ഷേപകരമായ ഗാനങ്ങളും രംഗങ്ങളും നീക്കം ചെയ്യാനോ രാജ്യത്തുടനീളമുള്ള സിനിമയുടെ റിലീസ് നിർത്തിവയ്ക്കാനോ നിർദേശിക്കണമെന്നത് വിനീതമായ അഭ്യർത്ഥനയാണ്. ഇത് ഭാവിയിൽ മറ്റ് സിനിമാ പ്രവർത്തകർക്ക് മാതൃകയാകും, മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങൾ തടയും', എന്നാണ് നാരായൺ ത്രിപാഠി കത്തിൽ പറഞ്ഞിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പഠാനിലെ ആദ്യഗാനം റിലീസ് ചെയ്തത്. ഈ ഗാനത്തിലെ ഒരു ഭാഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ചിത്രം ബഹിഷ്കരിക്കണമെന്നും റിലീസ് ചെയ്യിപ്പിക്കരുതെന്നുമുള്ള തരത്തില്‍ പ്രചരണങ്ങള്‍ ശക്തമായി. പിന്നാലെ മുംബൈ പൊലീസ് സിനിമയ്ക്ക് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി.
ബെഷ്റം രംഗ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. അതുകൊണ്ട് തന്നെ എസ്ആര്‍കെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
'ഇന്ത്യയ്ക്ക് അഭിമാനം, അവിടെ ആരും ബിക്കിനി നിറം നോക്കിയില്ല': ദീപികയ്ക്ക് അഭിനന്ദന പ്രവാഹം