ട്വിറ്ററിലെ വിലക്ക് നീങ്ങി, 'എമര്‍ജൻസി' വീഡിയോയുമായി കങ്കണ

By Web TeamFirst Published Jan 24, 2023, 7:56 PM IST
Highlights

കങ്കണ റണൗട്ട് ട്വിറ്ററില്‍ തിരിച്ചെത്തി.

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ബോളിവുഡ് നടി കങ്കണ റണൗട്ട് ട്വിറ്ററില്‍ തിരിച്ചെത്തി. മൈക്രോബ്ലോഗിംഗ് വെബ്‍സൈറ്റായ ട്വിറ്റര്‍ 2021ലാണ് കങ്കണയുടെ അക്കൗണ്ട് നിരോധിച്ചത്. ട്വിറ്ററില്‍ തിരിച്ചെത്തിയതില്‍ സന്തോഷം ഉണ്ടെന്ന് കങ്കണ ട്വീറ്റ് ചെയ്യുകയും ചെയ്‍തു. 'എമര്‍ജൻസി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയും കങ്കണ പങ്കുവെച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന അക്രമത്തെ കുറിച്ചും മമതാ ബാനര്‍ജിയുടെ വിജയത്തെ കുറിച്ചും പ്രകോപനമായ ട്വീറ്റ് ചെയ്‍തതിനായിരുന്നു കങ്കണയെ ട്വിറ്റര്‍ വിലക്കിയിരുന്നത്. ട്വിറ്ററിലെ വിലക്ക് പിൻവലിച്ചതിന്റെ സന്തോഷത്തിലാണ് കങ്കണ ഇപ്പോള്‍. 'എമര്‍ജൻസി' എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന്റെ വിശേഷം കങ്കണ ട്വീറ്റ് ചെയ്‍തത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും 'എമര്‍ജൻസി'ക്കുണ്ട്.

And it’s a wrap !!!
Emergency filming completed successfully… see you in cinemas on 20th October 2023 …
20-10-2023 🚩 pic.twitter.com/L1s5m3W99G

— Kangana Ranaut (@KanganaTeam)

പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി കഴിഞ്ഞ 21ന് തന്നെ കങ്കണ അറിയിച്ചിരുന്നു. കങ്കണ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ​ഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്. കങ്കണ ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രമെന്ന നിലയില്‍ 'എമര്‍ജൻസി'ക്കായി കാത്തിരിക്കുകയാണ് എല്ലാവരും.

തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസി'യുടെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാ​ഗ്രഹണം ടെറ്റ്സുവോ ന​ഗാത്ത, എഡിറ്റിം​ഗ് രാമേശ്വര്‍ എസ് ഭ​ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്‍ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്‍തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്‍കി.  ജി വി പ്രകാശ് കുമാര്‍ സം​ഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും.

Read More: അമ്പരപ്പിക്കുന്ന വിജയം, ചിരഞ്‍ജീവി തിയറ്ററുകളില്‍ സ്വന്തമാക്കിയത് വമ്പൻ നേട്ടം

click me!