വിജയ്‍യുടെ വില്ലനാകാൻ സഞ്‍ജയ് ദത്ത് ആവശ്യപ്പെടുന്നത് വമ്പൻ പ്രതിഫലം

By Web TeamFirst Published Sep 13, 2022, 4:43 PM IST
Highlights

ലോകേഷ് കനകരാജാണ്  'ദളപതി 67'ന്റെ സംവിധാനം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ദളപതി 67, വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 'വിക്രം' എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതാണ് എന്നതുതന്നെ പ്രതീക്ഷകള്‍ക്ക് കാരണം. 'മാസ്റ്റര്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിജയ്‍യെ നായകനാക്കി ഒരു ചിത്രം ഒരുക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. 'ദളപതി 67'ന്റെ വില്ലനായി പരിഗണിക്കപ്പെടുന്ന സഞ്‍ജയ് ദത്തിന്റെ പ്രതിഫലം സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.

ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് ചിത്രത്തിലെ വില്ലനാകും എന്ന് കഴിഞ്ഞ ദിവസം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. വിജയ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാൻ സഞ്‍ജയ് ദത്ത് ആവശ്യപ്പെടുന്നത് 10 കോടി രൂപയാണ് എന്നാണ് ടോളിവുഡ‍് ഡോട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 'ദളപതി 67'ല്‍ അര്‍ജുൻ നിര്‍ണായക ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നുവെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് അടുത്തിടെ ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്‍നേഹത്തോടെ ലോകേഷ് കനകരാജ്, എന്നുമാണ് അദ്ദേഹം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചത്.

കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 'വിക്രം'. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, , കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരൻ ആയിരുന്നു ഛായാഗ്രാഹകൻ.

Read More : ഗൗതം മേനോൻ സിനിമ സെൻസര്‍ ചെയ്‍തു, കാത്തിരിപ്പിന് വിരാമമിട്ട് 'വെന്ത് തനിന്തതു കാട്' എത്തുന്നു

click me!