
എന്തെങ്കിലുമൊക്കെ പ്രത്യേകതകളോടെയെത്തുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് സ്വാഭാവികമായി ലഭിക്കുന്ന പ്രീ റിലീസ് ഹൈപ്പ് ഉണ്ട്. മമ്മൂട്ടിയുടെ ഭ്രമയുഗം എത്തരത്തില്‍ ഒരു ചിത്രമാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കപ്പെട്ട ഹൊറര്‍ ത്രില്ലര്‍ ചിത്രം എന്നതും വേറിട്ട കഥാപാത്രമായി മമ്മൂട്ടി എത്തുന്നു എന്നതും ചിത്രത്തിന് റിലീസിന് മുന്‍പേ ഹൈപ്പ് നേടിക്കൊടുത്ത ചിത്രമാണ്. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയ രാഹുല്‍ സദാശിവനാണ് സംവിധാനം എന്നതും ഈ ചിത്രത്തിന്മേലുള്ള കൗതുകം വര്‍ധിപ്പിച്ച ഘടകമാണ്. റിലീസ് ദിനത്തിലെ ആദ്യാഭിപ്രായങ്ങളില്‍ ഭേദപ്പെട്ട ചിത്രമെന്നും മികച്ചതെന്നുമൊക്കെയുള്ള അഭിപ്രായം വന്നതോടെ ഇന്നലത്തെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് കേരളമൊട്ടുക്കുമുള്ള റിലീസിംഗ് കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വൈഡ് റിലീസിന്‍റെ ഇക്കാലത്ത് ഒരു ചിത്രം റിലീസ് ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങളില്‍ നേടുന്ന അഭിപ്രായം പ്രധാനമാണ്. അതില്‍ മോശം അഭിപ്രായം വന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ വീഴാനുള്ള വലിയ സാധ്യതയുണ്ട്. ഇനി പോസിറ്റീവ് ആണ് വരുന്ന അഭിപ്രായമെങ്കില്‍ മികച്ച ഓപണിംഗിലേക്കും വാരാന്ത്യ കളക്ഷനിലേക്കുമൊക്കെ കുതിക്കും ചിത്രം. ഭ്രമയുഗത്തെ സംബന്ധിച്ച് രാവിലത്തെ ഷോകളില്‍ നിന്ന് പോസിറ്റീവ് അഭിപ്രായം വന്നതോടെ ഇന്നലത്തെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കേരളമൊട്ടാകെ ഒട്ടേറെ ഹൗസ്‍ഫുള്‍ ബോര്‍ഡുകളും ചിത്രം തൂക്കി. ഒപ്പം നിരവധി അഡീഷണല്‍ ഷോകളും ചാര്‍ട്ട് ചെയ്യപ്പെട്ടു. നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്നലെ കേരളമൊട്ടുക്ക് നൂറിലധികം അധിക പ്രദര്‍ശനങ്ങളാണ് ഭ്രമയുഗത്തിന് നടന്നത്.
കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രത്തിന് അവിടങ്ങളിലൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയാണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളിലൊന്നാണ് ഇതിലെ 'കൊടുമണ്‍ പോറ്റി'.
ALSO READ : ഈ വെള്ളിയാഴ്ച ഇല്ല; ഇന്ദ്രജിത്തിന്‍റെ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' റിലീസ് നീട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം