
ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്‍ത ചിത്രം എന്ന നിലയില്‍ വലിയ പ്രീ- റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി (Bro Daddy). സംവിധാനത്തിനൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും പൃഥ്വിരാജ് ആയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടിയുടെ മകന്‍ ഈശോ ജോണ്‍ കാറ്റാടി ആയിരുന്നു പൃഥ്വിയുടെ കഥാപാത്രം. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയ ചിത്രം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ്. ചിത്രീകരണ സ്ഥലത്ത് ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും എത്തുന്നത് വീഡിയോയില്‍ കാണാം.
കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, കനിഹ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‍നര്‍ സ്വഭാവത്തിലെത്തിയ ചിത്രത്തില്‍ ലാലു അലക്സും മോഹന്‍ലാലുമാണ് ഏറ്റവും കൈയടി നേടിയത്.
അതേസമയം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ജന ഗണ മന, ഷാജി കൈലാസിന്‍റെ കടുവ, ബ്ലെസ്സിയുടെ ആടുജീവിതം എന്നിവയാണ് അഭിനയിക്കുന്നവയില്‍ പൃഥ്വിരാജിന്‍റേതായി പുറത്തെത്താനുള്ള മൂന്ന് ചിത്രങ്ങള്‍. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഡിജോ ജോസ് ആന്‍റണി. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
അതേസമയം എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പ്രതിനായകനായി വിവേക് ഒബ്റോയ് എത്തുന്നു എന്നതും പ്രത്യേകതയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിനു ശേഷം വിവേക് അഭിനയിക്കുന്ന മലയാളചിത്രവുമാണിത്. ജിനു വി എബ്രഹാമിന്‍റേതാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം സുജിത്ത് വാസുദേവ്. മോഹന്‍ലാല്‍ നായകനാവുന്ന എലോണ്‍ എന്ന ഒരു ചിത്രം കൂടി ഷാജി കൈലാസിന്‍റേതായി പുറത്തെത്താനുണ്ട്. ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.