
ശ്യാം ബെനഗല്‍ സംവിധാനം ചെയ്യുന്ന 'മുജീബ്-ദ മേക്കിംഗ് ഓഫ് എ നേഷൻ' എന്ന ചിത്രത്തിന്‍റെ 90 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പുറത്തിറക്കി. കാനിലെ ഇന്ത്യൻ പവലിയനിൽ ഇന്ത്യയുടെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂറിന്റെയും ബംഗ്ലാദേശിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഹസൻ മഹമൂദിന്റെയും സാന്നിധ്യത്തിലാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
ശ്യാം ബെനഗല്‍ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നില്ല. എന്നാല്‍ വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തു. വീഡിയോയിൽ, ബംഗ്ലാദേശിലെയും ഇന്ത്യയിലെയും അഭിനേതാക്കളോടും സാങ്കേതിക വിദഗ്ധരോടും അദ്ദേഹം ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്‍റെ നന്ദി രേഖപ്പെടുത്തി.
ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് 'മുജീബ്-ദ മേക്കിംഗ് ഓഫ് എ നേഷൻ' ഇന്ത്യയിലും ബംഗ്ലാദേശിലും കോടികള്‍ മുടക്കിയാണ് ഇതിന്റെ ചിത്രീകരണം നടന്നത്. ഇന്ത്യയിലെയും ബംഗ്ലദേശിലെയും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയങ്ങളും, ഇന്ത്യയിലെ എന്‍എഫ്ഡിസിയും ആണ് നിര്‍മ്മാതാക്കള്‍.
ശ്യാം ബെനഗലിന്‍റെ വീഡിയോ സന്ദേശത്തിലെ വാക്കുകള്‍ ഇങ്ങനെ
"ഇതൊരു ഇൻഡോ-ബംഗ്ലാദേശ് കോ-പ്രൊഡക്ഷൻ ആണ്, യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഉപഭൂഖണ്ഡത്തിലെ ചില മികച്ച അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചുവെന്നത് ഞാൻ വ്യക്തിപരമായി നേട്ടമായി കരുതുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണ്. ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ അസാധാരണനായിരുന്നു. മധ്യവർഗ പശ്ചാത്തലമുള്ള, വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം, എന്നാൽ അദ്ദേഹത്തിന് ബംഗ്ലദേശ് സൃഷ്ടിക്കാൻ സാധിക്കുന്ന ഒരു ജ്വലിക്കുന്ന മനസ് ഉണ്ടായിരുന്നു. ഈ ചലച്ചിത്രം ഉണ്ടായത് തന്നെ ഒരു അത്ഭുതമാണ്."
ചടങ്ങില്‍ സംസാരിച്ച വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള സൗഹൃദം ഊട്ടിഉറപ്പിക്കുന്ന ഒരു ശ്രമമാണ് ഈ ചലച്ചിത്രം എന്നും. ഇത് സാധ്യമാക്കിയതിന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർക്ക് നന്ദി പറയുകയും ചെയ്യുന്നുവെന്ന് അറിയിച്ചു.
എല്ലാ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട്, കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ചിത്രം 2021 ഡിസംബറിലാണ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശി നടൻ അരിഫിൻ ഷുവോയാണ് ചിത്രത്തില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന് ജീവന്‍ നല്‍കുന്നത്. നുസ്രത്ത് ഇംറോസ് ടിഷ, ഫസലുർ റഹ്മാൻ ബാബു, ചഞ്ചൽ ചൗധരി, നുസ്രത്ത് ഫാരിയ എന്നിങ്ങനെ ഇന്ത്യന്‍ ബംഗ്ലദേശ് അഭിനേതാക്കളുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ