രാജ്യത്തെ സിനിമാ മേഖലയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക്; സെന്‍സറിംഗ് നടപടികളും നിര്‍ത്തിവെക്കുന്നു

By Web TeamFirst Published Mar 23, 2020, 8:52 PM IST
Highlights

നിലവില്‍ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിംഗ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. 

കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ രാജ്യത്ത് സിനിമകളുടെ സെന്‍സറിംഗ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സിബിഎഫ്‍സി തീരുമാനമെടുത്തു. ഈ മാസം 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡിന്‍റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചിടും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിംഗ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. അതേസമയം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സൂക്ഷ്‍മ പരിശോധന തുടങ്ങിയവ നടക്കും. ഇത്തരം ജോലികള്‍ ജീവനക്കാര്‍ ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഈ മാസം 31ന് അപ്പോഴത്തെ സാഹചര്യം വിലയിരുത്തിയതിന് ശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ.

അതേസമയം പുതിയ സിനിമകളുടെ രജിസ്ട്രേഷന്‍ സ്വീകരിക്കുന്നത് ഈ മാസം 31 വരെ നിര്‍ത്തിവെക്കാന്‍ കേരള ഫിലിം ചേംബറും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ തീയേറ്ററുകളും മള്‍ട്ടിപ്ലെക്‍സുകളും നേരത്തെ അടച്ചിരുന്നു. സിനിമാ, സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവച്ചിരുന്നു. 

click me!