സുശാന്ത് സിംഗിന്‍റെ മരണം, റിയ ചക്രബർത്തിക്ക് എതിരെ സിബിഐ എഫ്‌ഐആർ

By Web TeamFirst Published Aug 6, 2020, 9:00 PM IST
Highlights

കഴിഞ്ഞ ദിവസം ആണ് സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് വിട്ടത്. സുശാന്ത് സിംഗ് മരിച്ച് അമ്പത്തിരണ്ട് ദിവസം പിന്നിടുമ്പോഴാണ് കേസ് സിബിഐക്ക് ഏറ്റെടുത്തത്.

മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിക്ക് എതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. റിയയുടെ അച്ഛനും സഹോദരനും ഉൾപ്പടെ അഞ്ച് പേർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആണ് സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് വിട്ടത്. സുശാന്ത് സിംഗ് മരിച്ച് അമ്പത്തിരണ്ട് ദിവസം പിന്നിടുമ്പോഴാണ് കേസ് സിബിഐക്ക് ഏറ്റെടുത്തത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന സാമ്പത്തിക ക്രമക്കേട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ റിയയെ ചോദ്യം ചെയ്യും. റിയയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതേ സമയം കേസ് അന്വേഷണത്തിനായി മുംബൈയിലെത്തിയിരുന്ന പാറ്റ്ന പൊലീസ് സംഘം ബിഹാറിലേക്ക് മടങ്ങി.  ക്വാറന്റീനിൽ ഉള്ള പാറ്റ്ന എസ്പി തിരിച്ച് വന്ന സംഘത്തിലില്ല. എസ്പിയുടെ ക്വാറന്റീൻ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിഹാർ ഡിജിപി മുംബൈ കോർപറേഷൻ ചെയർപേഴ്സന് കത്തയച്ചിട്ടുണ്ട്.

സുശാന്തിനെ കള്ളപ്പണം വെളുപ്പിക്കാൻ റിയയും റിയയുടെ സഹോദരനും ഉപയോഗിച്ചെന്ന സുശാന്തിന്‍റെ അച്ഛന്‍റെ പരാതി ഗൗരവമുള്ളതായാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കാണുന്നത്. സുശാന്തിന്‍റെ പേരിലുള്ള കമ്പനികളിലെല്ലാം റിയയും സഹോദരൻ ഷൗവിക് ചക്രബർത്തിയും പങ്കാളികളാണ്. 15 കോടിയിലധികം ഷൗവിക് ഈ കമ്പനികൾ മറയാക്കി വെളുപ്പിച്ചെന്നാണ് ബീഹാർ പൊലീസിന് നൽകിയ പരാതി. സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബീഹാർ പൊലീസെടുത്ത എഫ്ഐആറിന്‍റെ പക‍ർപ്പും ഇഡി ശേഖരിച്ചിട്ടുണ്ട്. സുശാന്തുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി റിയ മുംബൈ പൊലീസിന് മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മുൻപ് അവസാനമായി സുശാന്ത് പല തവണ റിയയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകളും ലഭിച്ചിരുന്നു. 

click me!