
ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം കുറിക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് വൻ താരനിര. ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്ത്, കരണ്‍ ജോഹർ, അനുപം ഖേർ, ഷാഹിദ് കപൂർ, ബോണി കപൂർ, ജീതേന്ദ്ര, രാജ് കുമാർ ഹിരാനി, ആനന്ദ് എൽ റായി, സുശാന്ത് സിംഗ് രജപുത്, ദിവ്യ കോശ്‌ല കുമാർ, അഭിഷേക് കപൂർ, മങ്കേഷ് ഹഡവാലെ തെന്നിന്ത്യൻ താരങ്ങളായ രജനീകാന്ത്, കാജൽ അഗർവാൾ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
താരങ്ങൾ മോദിക്ക് ആശംസയറിയിച്ച് രംഗത്തെത്തി. 'പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. രാജ്യത്തെ അഞ്ച് ലക്ഷം കോടി സമ്പദ്‍വ്യവസ്ഥ ആക്കണമെന്ന സ്വപ്നം ഇനി അദ്ദേഹത്തിന് സാക്ഷാത്കരിക്കാൻ കഴിയും', നടി കങ്കണ റണാവത്ത് മോദിയെ ആശംസിച്ച് പറഞ്ഞു. ലക്ഷ്യം നിറവേറ്റാൻ അദ്ദേഹത്തിനൊപ്പം നിൽക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുക. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട പ്രധാനമന്ത്രിയാണ് മോദി. കഠിനാദ്ധ്വാനം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം രാജ്യത്തിന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രി ആയതെന്നും കങ്കണ കൂട്ടിച്ചേർത്തു.
'ജനവിധിയിലൂടെ രാജ്യം സർക്കാരിനെ തെരഞ്ഞെടുത്തു. ഈ ചരിത്രനിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്', നടൻ അനുപം ഖേർ പറഞ്ഞു. ഈ വിജയം ഒരാഘോഷമാണ്. ഇത് ജനാധിപത്യത്തിന്റെ ആഘോഷമാണ്. നല്ലതെന്തോ സംഭവിച്ചിട്ടുണ്ട്. ഇതെനിയും തുടരുമെന്നായിരുന്നു സംവിധായകൻ ബോണി കപൂർ മോദിക്ക് ആശംസകൾ നേർന്ന് പറഞ്ഞത്.
വ്യാഴാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽവച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവൻമാർ അടക്കം എട്ടായിരത്തോളം ആളുകള്‍ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങിന് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. ദില്ലി പൊലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിട്ടുള്ളത്. ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാരാണ് ഇത്തവണ ചടങ്ങിൽ അതിഥികളാവുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മോദി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്നിവർക്കും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലികൾ അർപ്പിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ