
മലയാള സിനിമയെ സംബന്ധിച്ച് ഒരു പ്രധാന ദിവസമാണ് നാളെ അഥവാ മെയ് 21. മലയാളികളുടെ പ്രിയനടനും മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറുമായ മോഹന്‍ലാലിന്‍റെ പിറന്നാള്‍ എന്നതിനൊപ്പം അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയ ഫ്രാഞ്ചൈസി ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം തിയറ്ററുകളില്‍ എത്തുകയുമാണ്. മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും തിയറ്ററുകളില്‍ എത്തുകയാണ്. മലയാളം പതിപ്പ് മൊഴി മാറ്റിയാണ് മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത്. മലയാളം പതിപ്പ് അഡ്വാന്‍സ് ബുക്കിംഗില്‍ കുതിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് കൗതുകകരമായ ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിന്‍റെ വിവിധ പതിപ്പുകളുടെ സെന്‍സറിംഗ് സംബന്ധിച്ചാണ് അത്. ദൃശ്യത്തിലോ ഓഡിയോയിലോ കട്ടുകള്‍ ഒന്നും കൂടാതെയാണ് ചിത്രത്തിന്‍റെ മലയാളം, തമിഴ്, കന്നഡ പതിപ്പുകള്‍ സെന്‍സര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ തെലുങ്ക് പതിപ്പില്‍ മാത്രം ഇതില്‍ നിന്ന് ഒരു മാറ്റം ഉണ്ട്. ഒരു കഥാപാത്രം പറയുന്ന ഡയലോഗിലെ ഒരു വാക്ക് മ്യൂട്ട് ചെയ്യണമെന്നായിരുന്നു സെന്‍സറിംഗ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. അണിയറക്കാര്‍ ഇത് നടപ്പാക്കുകയും ചെയ്തു. എഫ് വേഡ് ആയിരുന്നു ഇതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്‍റെ മലയാളം പതിപ്പ് മെയ് 11 നാണ് സെന്‍സര്‍ ചെയ്തത്. മൊഴിമാറ്റം വരുത്തിയ മൂന്ന് പതിപ്പുകള്‍ മെയ് 15 നും. 159 മിനിറ്റ്, 5 സെക്കന്‍ഡ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
നാളെ രാവിലെ 8 മണിക്കാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക. തങ്ങളുടെ പ്രിയ താരത്തിന്‍റെ പിറന്നാളിന് എത്തുന്ന ഏറെ പ്രത്യേകതകളുള്ള ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍. അത് സാധിച്ചാല്‍ വന്‍ കുതിപ്പാവും ചിത്രം ബോക്സ് ഓഫീസില്‍ നടത്തുന്നത്. മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും തിയറ്റര്‍ ചാര്‍ട്ടിംഗ് നടത്തിയിരിക്കുന്നത്. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങളില്‍ ഉണ്ടായിരുന്ന പ്രധാന അഭിനേതാക്കള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും മൂന്നാം ഭാഗത്തില്‍ ഉണ്ടാവും. ഒരു മലയാള ചിത്രത്തിന്‍റെ ആദ്യ റിപ്പോര്‍ട്ടിന് ഇന്ത്യ മുഴുവനും കാത്തിരിക്കുന്ന സാഹചര്യവും ദൃശ്യം 3 ന്‍റെ കാര്യത്തില്‍ ഉണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ