
മലയാളി പ്രേക്ഷകരുടെ സായാഹ്നം ആനന്ദകരമാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ഹാസ്യ പരമ്പരകളാണ് ഉപ്പും മുളകും, ചക്കപ്പഴവും. ഇരു പരമ്പരയും ഓരോ മലയാളി കുടുംബത്തിനും സമാനമായ ഹാസ്യം കലർത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ കഥയും സന്ദർഭങ്ങളുമാണെങ്കിലും താരങ്ങളുടെ അഭിനയ മികവും പ്രേക്ഷകരെ ഒരു എപ്പിസോഡും മുടക്കാതെ കാണാൻ പ്രേരിപ്പിക്കുന്നതുമാണ് ഇവയുടെ പൊതു സ്വഭാവം.
ഇപ്പോൾ ഈ രണ്ട് പാരമ്പരയിലെയും താരങ്ങൾ ഒന്നിക്കുന്നതിന്റെ പ്രൊമോ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലെ തരംഗം. ഓണത്തോടനുബന്ധിച്ചാണ് ഇരു കുടുംബങ്ങളുടെയും ഒത്തു ചേരൽ. ചാനൽ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ ജനപ്രീതി നേടിയ പരമ്പരകളിലെ താരങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ളത്. ഉപ്പും മുളകിലെ ബാലുവും നീലുവും മുടിയനുമെല്ലാം എത്രമാത്രം പ്രിയപ്പെട്ടവരാണോ അതുപോലെ തന്നെയാണ് പ്ലാവിലത്തറവാട്ടിലെ ഓരോ അംഗങ്ങളും(ചക്കപ്പഴം). രണ്ടു പരമ്പരകളും ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ബാലു, നീലു, ലച്ചു, മുടിയന്‍, ശിവാനി, കേശു, പാറുക്കുട്ടി എന്നീ കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് ഒത്തിരി പ്രിയപ്പെട്ടവരാണ്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള പരമ്പര കൂടിയാണ് ഉപ്പും മുളകും. ബിജു സോപാനം, നിഷ സാരംഗ്, അന്‍സാബിത്ത്, ശിവാനി, വിഷ്ണു, ജൂഹി റുസ്തഗി, അമേയ എന്നിവരാണ് പരമ്പരയില്‍ പ്രധാനവേഷത്തിലെത്തുന്നത്.
2015 ലായിരുന്നു ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തിയത്. 2016 ല്‍ പരമ്പരയ്ക്ക് സംസ്ഥാന ടെലിവിഷന്‍ പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്കാരമാണ് ഉപ്പും മുളകിന് ലഭിച്ചത്. ഹാസ്യ നടനുള്ള പുരസ്കാരം ഈ പരമ്പരയിലെ കഥാപാത്രത്തിലൂടെ ബിജു സോപാനതിനും ലഭിച്ചിരുന്നു. നിരവധി സിനിമയും ഇവരെ തേടിയെത്തുന്നുണ്ട്.
ജനപ്രിയത്തിൽ ഒട്ടും പിന്നിലല്ല ചക്കപ്പഴവും. പേരുപോലെ തന്നെ ചക്ക കുഴഞ്ഞതുപോലൊരു കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ്.പി ശ്രീകുമാറാണ് പരമ്പരയിലെ നായകന്‍. മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരില്‍ ഒരാളായ അശ്വതി ശ്രീകാന്താണ് സീരിയലിലെ നായിക. പരമ്പരയില്‍ ഉത്തമന്റെ അച്ഛനായ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അമല്‍ രാജ്ദേവാണ് അവതരിപ്പിക്കുന്നത്. അമ്മ ലളിതയുടെ വേഷത്തില്‍ എത്തുന്നത് സബീറ്റ ജോര്‍ജാണ്. ഉത്തമന്റെ സഹോദരി പൈങ്കിളി, സഹോദരന്‍ സുമേഷ് എന്നിവരെ യഥാക്രമം ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയുമാണ് അവതരിപ്പിക്കുന്നത്. ഹാസ്യരസമുള്ള ഇരു കുടുംബവും ഒന്നിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ