പുതുമുഖ സംവിധായകർക്ക് വഴികാട്ടിയായി 'ചലച്ചിത്ര മലയാളം' കൂട്ടായ്മ

By Web TeamFirst Published Oct 9, 2019, 12:49 PM IST
Highlights

മുതിർന്ന സിനിമ പ്രവർത്തകരുടെ നേതൃത്വത്തിൽ വിജയദശമി ദിനത്തിലാണ് ചലച്ചിത്ര മലയാളം കൂട്ടായ്മ കൊച്ചിയിൽ രൂപീകരിച്ചത്. സിനിമ കൂട്ടായ്മയുടെ കലയാണെന്ന് ഊട്ടിയുറപ്പിക്കുകയാണ് ചലച്ചിത്ര മലയാളത്തിന്റെ ലക്ഷ്യം.
 

കൊച്ചി: മലയാള ചലച്ചിത്രമേഖലയിൽ തുടക്കം കുറിക്കുന്ന പുതുമുഖ സംവിധായകർക്ക് തണലൊരുക്കി മുതിർന്ന സിനിമ പ്രവർത്തകരുടെ കൂട്ടായ്മ. ജോൺ പോൾ, ജോഷി, കെജി ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിജയദശമി ദിനത്തിലാണ് ചലച്ചിത്ര മലയാളം എന്ന പേരിൽ കൊച്ചിയിൽ കൂട്ടായ്മ രൂപീകരിച്ചത്.

സിനിമ കൂട്ടായ്മയുടെ കലയാണെന്ന് ഊട്ടിയുറപ്പിക്കുകയാണ് ചലച്ചിത്ര മലയാളത്തിന്റെ ലക്ഷ്യം. 12 പുതുമുഖ സംവിധായകരാണ് കൂട്ടായ്മയുടെ സഹായത്തോടെ ആദ്യഘട്ടത്തിൽ സിനിമ സംവിധാനം ചെയ്യുക. ഡിസംബറിൽ ആദ്യസിനിമയുടെ ചിത്രീകരണം തുടങ്ങാൻ പോകുന്ന ജിജോ ജോസഫിന് സംവിധായകൻ ജോഷി ക്ലാപ് ബോർഡ് സമ്മാനിച്ചു.

നവാഗതർക്ക് മുതിർന്ന സിനിമ പ്രവർത്തകരോടൊപ്പം തിരക്കഥയെ കുറിച്ച് ചർച്ച നടത്താനും ചലച്ചിത്രമലയാളം അവസരം ഒരുക്കും. പ്രതിമാസ സംവാദപരിപാടികളും കൊച്ചിയിൽ ഈ മാസം മുതൽ തുടങ്ങും. ലോകസിനിമയുടെ 125-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2020 ഡിസംബറിൽ കൊച്ചിയിൽ അന്തർദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കുമെന്നും ചലച്ചിത്ര മലയാളം പ്രവർത്തകർ അറിയിച്ചു. 

click me!