സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ വേണം, പക്ഷെ ഈ വെയിലത്ത് അടുപ്പിന് മുന്നിലിരുന്ന് ഒഴുകുന്ന കണ്ണീരിനും വിയർപ്പിനും ഒറിജിനൽ ടച്ചാണ്.

ആറ്റുകാൽ പൊങ്കാല നടിമാരുടെ പരിപാടിയായി മാറിയെന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി സരിത ബാലകൃഷ്‍ണൻ. ലക്ഷക്കണക്കിന് സ്ത്രീകൾക്കിടയിൽ ഒരു സാധാരണക്കാരിയായി വന്ന് പൊങ്കാലയിടുമ്പോൾ കിട്ടുന്ന ആത്മസംതൃപ്‍തി, ഏതൊരു 'മെഗാ ഹിറ്റ്' സീരിയലിനേക്കാളും വലുതാണെന്നും അവിടെ അമ്മയുടെ ഭക്തർ മാത്രമേ ഉള്ളൂ എന്നും സരിത ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

സരിതയുടെ കുറിപ്പിന്റെ പൂർണരൂപം:

''ആറ്റുകാൽ അമ്മയുടെ മണ്ണിൽ പാതയോരത്ത് ലക്ഷക്കണക്കിന് അമ്മമാർക്കും സഹോദരിമാർക്കുമൊപ്പം അടുപ്പ്കൂട്ടി പൊങ്കാലയിടുമ്പോൾ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാല ഇടുന്ന ആ ഭക്തി സമുദ്രത്തിലെ ചെറിയ തുള്ളി മാത്രം ആണ് ഞാൻ. പക്ഷേ ഒരു നടിയായതുകൊണ്ട് ആ ചിത്രം ഫേസ്ബുക്കിൽ ഇട്ടത് ചിലർക്കെങ്കിലും വലിയൊരു 'തെറ്റായി' തോന്നിയിട്ടുണ്ട്. മറ്റു ചിലർ ഇത് 'നടിമാരുടെ പരിപാടി'യാണ് എന്ന് പറയുന്നു. ഒരിക്കലുമല്ല. ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ഭക്തിസംഗമത്തിൽ ഒരാളായി, ഒരു സ്ത്രീ ആയി, അമ്മയുടെ ഭക്തയായി പങ്കെടുക്കാൻ കഴിയുന്നത് ഒരു പുണ്യം ആയി കരുതുന്ന ഒരാളാണ്.

സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ വേണം, പക്ഷെ ഈ വെയിലത്ത് അടുപ്പിന് മുന്നിലിരുന്ന് ഒഴുകുന്ന കണ്ണീരിനും വിയർപ്പിനും ഒറിജിനൽ ടച്ചാണ്. അവിടെ നായികയും വില്ലത്തിയുമില്ല, അമ്മയുടെ ഭക്തർ മാത്രം. സീരിയലിൽ ക്യാമറയ്ക്കു മുന്നിൽ ഞങ്ങൾ നായികയോ വില്ലത്തിയോ ഒക്കെയാകാം. പക്ഷേ ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് പുകയേറ്റു കണ്ണുനിറയുമ്പോൾ അത് ഗ്ലിസറിൻ അല്ല. അവിടെ റീ ടേക്കുകളില്ല, പ്രോംപ്റ്റിങ് ഇല്ല, വെറും ഭക്തി മാത്രം. ലക്ഷക്കണക്കിന് സ്ത്രീകളുടെ ഇടയിൽ ഞാനിരിക്കുന്നത് ഒരു നടിയായല്ല, വെറും ഒരു ഭക്തയായാണ്. ക്യാമറക്കണ്ണുകൾ ഞങ്ങളെ തിരഞ്ഞുപിടിക്കുന്നുണ്ടാവാം, പക്ഷേ ഞങ്ങളുടെ കണ്ണുകൾ തേടുന്നത് ആ ചൈതന്യത്തെ മാത്രമാണ്.

ലക്ഷക്കണക്കിന് സ്ത്രീകൾക്കിടയിൽ ഒരു സാധാരണക്കാരിയായി വന്ന് പൊങ്കാലയിടുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി, ഏതൊരു 'മെഗാ ഹിറ്റ്' സീരിയലിനേക്കാളും വലുതാണ്. ആ നിമിഷങ്ങൾ പങ്കുവെക്കുന്നത് ഒരു 'ഷോ' ആണെന്ന് തോന്നുന്നവരോട് ഒന്നും പറയാനില്ല. ക്യാമറ കണ്ടാൽ ഓടിയൊളിക്കാൻ ഇതൊരു ഒളിച്ചുകളി മത്സരമല്ലല്ലോ! ഈ 'ഷോ'യിൽ ഞങ്ങൾക്ക് കിട്ടുന്ന പ്രതിഫലം റേറ്റിംഗല്ല, അമ്മയുടെ അനുഗ്രഹമാണ്. അഭിനയമല്ലാത്ത ഒരേയൊരു നിമിഷം. അതുകൊണ്ട് ഈ 'സീരിയൽ നടിമാരുടെ പരിപാടി' കണ്ട് ആരും ആധി പിടിക്കേണ്ട. ലക്ഷങ്ങളിൽ ഒരൊറ്റ തുള്ളിയായി ഞാനുമുണ്ട് ആ ഭക്തിക്കടലിൽ. അഭിനയത്തിന് അവധി നൽകി, അമ്മയുടെ മുന്നിൽ മനസ് തുറക്കുന്ന നിമിഷം..''

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക