
യുവതാരങ്ങളെ അണിനിരത്തി അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ചയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തവിട്ടിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്യൂ.ഡബ്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമെന്ന വിശേഷണത്തോടെയാണ് ചത്താ പച്ച എത്തുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹനദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്.
മമ്മൂട്ടി ചിത്രത്തിൽ റസ്‌ലിങ്ങ് കോച്ചായി എത്തുന്നുവെന്ന നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്നലെ പുറത്തുവിട്ട ട്രെയ്‌ലർ മമ്മൂട്ടിയുടെ രംഗങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാൽ ട്രെയ്‌ലറിന്റെ അവസാന ഷോട്ടിൽ കാണിക്കുന്ന പുറംതിരിഞ്ഞുനിൽക്കുന്ന വ്യക്തി മമ്മൂട്ടി ആയിരിക്കുമെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. വാൾട്ടർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിലറിലെ അവസാന രംഗത്തിലുള്ള വ്യക്തിയുടെ കയ്യിലുള്ള ബ്രേസ്ലറ്റിനോട് സമാനമായ ഒരെണ്ണം മമ്മൂട്ടി കയ്യിൽ ധരിച്ചിരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം വാലറ്ററായി എത്തുന്നത് ദുൽഖർ സൽമാൻ ആണോയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും ജനുവരി 22 വരെ കാത്തിരിക്കാമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.
ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവർ ഈണം പകർന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അവരുടെ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന ഒന്നാവും ചിത്രമെന്ന ഉറപ്പും ഈ ട്രെയ്‌ലർ നൽക്കുന്നുണ്ട്.
ഡബ്യൂ ഡബ്യൂ ഇ എന്ന ഗ്ലോബൽ റെസ്ലിങ് ഗെയിം സ്പോർട്ടിലൂടെ മിനി സ്‌ക്രീനിൽ മാത്രം പ്രേക്ഷകർ കണ്ടു പരിചയിച്ച വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളും, വമ്പൻ ഡ്രാമയും, സ്റ്റൈലും, ത്രസിപ്പിക്കുന്ന ഊർജവുമെല്ലാം ഈ ചിത്രത്തിലൂടെ അവരുടെ മുന്നിലേക്ക് എത്തുമെന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. ഡബ്യൂ ഡബ്യൂ ഇയെ അനുസ്മരിപ്പിക്കുന്ന വമ്പൻ റെസ്ലിങ് ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇപ്പോൾ റിലീസ് ചെയ്ത ട്രെയ്‌ലറും ആദ്യം പുറത്തു വന്ന ടീസറും നൽകുന്ന സൂചന.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ