"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി

Published : Dec 19, 2025, 10:09 PM IST
Pinarayi vijayan

Synopsis

കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ അതിജീവിച്ച് ഐഎഫ്എഫ്കെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐ എഫ് എഫ് കെ ഇവിടെത്തന്നെ ഉണ്ടാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വർഷം പ്രായമായ ഐ എഫ് എഫ് കെയെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കൃത്യമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അനുമതി നിഷേധിച്ച എല്ലാ സിനിമകളും വിലക്ക് മറികടന്ന് പ്രദർശിപ്പിക്കാനുള്ള തീരുമാനം അതിന്റെ ഭാ​ഗമാണ്.

ജനാധിപത്യവിരുദ്ധമായ ഏത് ഫാസിസ്റ്റ് നടപടിയെയും ചെറുത്തുകൊണ്ട് ഐഎഫ്എഫ്കെ ഇവിടെ തന്നെയുണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

മേളയ്ക്ക് ഇത്തവണ അസാധാരണമായ പ്രതിസന്ധികൾ സൃഷ്ടിച്ചത് കേന്ദ്രമാണ്. 19 സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറി. പത്തോളം സിനിമകളുടെ പ്രദർശനം ആദ്യദിവസം റദ്ദാക്കേണ്ടിവന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്ന് 13 സിനിമകൾക്ക് പ്രദർശന അനുമതി ലഭിച്ചു. ഭിന്നസ്വരങ്ങളെയും വൈവിധ്യമായ സർ​ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്.

ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയ്ക്ക് അനുമതി നിഷേധിച്ചു. എന്താണ് അതിന് കാരണം? ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു. ബീഫ് എന്ന ഭക്ഷണ പദാർത്ഥവുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ലായിരുന്നു.

സ്പാനിഷ് ജനപ്രിയ സം​ഗീതമായ ഹിപ്ഹോപ്പുമായി ബന്ധപ്പെട്ടതാണ് ആ സിനിമ. ഹിപ്ഹോപ്പ് സംസ്കാരത്തിൽ ബീഫ് എന്നാൽ പോരാട്ടം, കലഹം എന്നൊക്കെയാണ് അർത്ഥം. ഇത് തിരിച്ചറിയാതെ ഇവിടുത്തെ ബീഫ് ആണെന്ന് കരുതി

വാളെടുക്കുകയായിരുന്നു കേന്ദ്രസർക്കാർ. എത്ര പരിഹാസ്യമാണിത്.

ലോകക്ലാസിക് ആയ ബാറ്റിൽഷിപ് പൊട്ടെംകിൻ ഉൾപ്പെടെയുള്ള സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ചു. ലോകസിനിമയെക്കുറിച്ചുള്ള കേന്ദ്രഭരണ സംവിധാനത്തിന്റെ അജ്ഞതയുടെ നിർലജ്ജമായ പ്രകടനമായി വേണം നടപടിയെ കാണാൻ. ഏതൊക്കെ സിനിമാ പ്രവർത്തകർ കേരളത്തിൽ വരണം എന്നതിൽപോലും കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ മൂന്ന് പതിറ്റാണ്ടുകളായി നിലനിർത്തുന്നത് കൊണ്ടാണ് ഐ എഫ് എഫ് കെ രാജ്യത്ത് തന്നെ മികച്ച ചലച്ചിത്രമേളയായി തുടരുന്നത്. അതിജീവനത്തിനായി പോരാടുന്ന മൂന്നാംലോക രാജ്യങ്ങളുടെ സിനിമക്കൾക്കാണ് മേളയിൽ പ്രാധാന്യം നൽകുന്നത്, അഫ്രോ- ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ ചിത്രങ്ങൾ ആണ് മത്സര ഇനത്തിൽ ഉൾപെടുത്താറുള്ളത്. സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപിടിക്കുന്ന മേളയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചകൊണ്ടായിരുന്നു 1936 ലെ കഥ പറയുന്ന പലസ്തീൻ 36 ഉദ്ഘാടന ചിത്രമായത്. പലതസ്തീനെ അറബ് മേഖലയ്ക്ക് പുറത്ത് ആദ്യമായി അംഗീകരിച്ച രാജ്യം ഇന്ത്യ ആയിരുന്നു എന്നത് ഇവിടെ ഓർക്കണം. പലസ്തീൻ പാക്കേജിന്റെ എല്ലാ ചിത്രങ്ങളും റദ്ദ് ചെയ്യുന്നതിലൂടെ പലസ്തിൻ വിഷയത്തിൽ കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് മാറ്റമാണ് വ്യക്തമാക്കുന്നത്.

കറുത്ത വർഗ്ഗക്കാരുടെ പോരാട്ടങ്ങളെ ആദരിച്ചു കൊണ്ട് സ്പിരിറ്റ്‌ ഓഫ് സിനിമ അവാർഡ് ആഫ്രിക്കൻ സംവിധായിക കെല്ലി ഫൈഫ് മാർഷാലിന് നൽകിയ കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നും ഇത്തരത്തിലുള്ള പുരോഗമന നിലപാടുകൾ കൈക്കൊണ്ട ഐ എഫ് എഫ് കെയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുകളിലേക്കുള്ള കടന്നു കയറ്റമാണ് കേന്ദ്രസർക്കാരിൻ്റ ഇപ്പോഴത്തെ നീക്കം.

കേരളത്തിലെ സിനിമപ്രേമികളായ ഡെലിഗേറ്റുകളെ കൂടി കണ്ടുകൊണ്ടാണ് അനുമതി നിഷേധിക്കപ്പെട്ട സിനിമകൾ പ്രദർശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ
ഐഎഫ്എഫ്കെ നവാഗത സംവിധായകനുള്ള രജതചകോരം തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും