'ഷാഡോബോക്സ്' എന്ന ബംഗാളി ചിത്രത്തിന് ഇരട്ടനേട്ടം ലഭിച്ചു. തനുശ്രീ ദാസും സൗമ്യാനന്ദ ഷാഹിയും മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം നേടിയപ്പോൾ, ചിത്രത്തിലെ അഭിനയത്തിന് തിലോത്തമ ഷോം ഫിപ്രസി പുരസ്കാരത്തിനും അർഹയായി.

കേരള രാജ്യാന്തര ചലച്ചിത്രമേള 2025 പതിപ്പിലെ മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ഷാഡോബോക്സ് സംവിധാനം ചെയ്ത തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു . മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

സ്ത്രീകൾ നേരിടുന്ന മാനസിക സംഘർഷങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാത്ത സമൂഹത്തിൻ്റെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുകയാണ് ഷാഡോ ബോക്സ് എന്ന ബംഗാളി ചിത്രം. മായ എന്ന കഥാപാത്രത്തിലൂടെ, കരുത്തിന്റെയും ധീരതയുടെയുo വൈവിധ്യമാർന്ന കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം. സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കുടുംബബന്ധങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും വ്യത്യസ്ത ഭാവങ്ങൾ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. മേളയിൽ ചിത്രം ഈ വർഷത്തെ മികച്ച അഭിനയത്തിനുള്ള ഫിപ്രസി പുരസ്കാരവും ഷാഡോ ബോക്സ് നേടിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തിലോത്തമ ഷോം ആണ് പുരസ്കാരത്തിനർഹയായത്.

മേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്' സ്വന്തമാക്കി. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും അവർക്കിടയിലെ വൈകാരിക ബന്ധത്തിൻ്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ഈ ചിത്രം മേളയിലും ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലി എന്ന തിരക്കഥാകൃത്ത് തന്റെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ നേരിടുന്ന ആന്തരിക സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.