
മീ ടൂ വെളിപ്പെടുത്തലിന്‍റെ പേരില്‍ ഏഴ് വര്‍ഷത്തോളം സിനിമാ, സംഗീത ലോകത്ത് നേരിട്ടത് കടുത്ത അനീതിയെന്ന് ഗായിക ചിൻമയി ശ്രീപദ. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അനീതി തുറന്നുപറയുന്നവർ നേരിടുന്നത് ഷാഡോ ബാനിംഗ് ആണെന്നും ചിന്മയി പറഞ്ഞു. ആരോപണം ഉയര്‍ത്തിയതിന്‍റെ പേരില്‍ താന്‍ ഒരു പാട്ടുകാരി ആണെന്നത് പോലും മായ്ച്ചുകളയപ്പെട്ടുവെന്നും ഗുരുക്കരന്മാരായി കരുതിയവർ ഒറ്റപ്പെടുത്തിയെന്നും ചിന്മയി പ്രതികരിച്ചു. അതേസമയം മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിലെ വൈറൽ ഗാനത്തിലൂടെ തിരിച്ചുവന്നതിന്റെ സന്തോഷവും ചിൻമയി അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
“കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഒരു വിധത്തിലുമുള്ള പ്ലാനിംഗ് ഇല്ലാതെയാണ് കാര്യങ്ങള്‍ സംഭവിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ സമൂഹവും മാറിയിട്ടുണ്ട്. ഞാന്‍ നേരിട്ടത് അനീതിയാണെന്ന് സമൂഹത്തിനും തോന്നിയിട്ടുണ്ട്”. ചിന്മയി പറയുന്നു. മീ ടൂ ആരോപണങ്ങള്‍ ഉയര്‍ത്തിയ സമയത്ത് തനിക്ക് പിന്തുണയുമായെത്തിയ മലയാള സിനിമയില്‍ ഉള്ളവരെക്കുറിച്ചും ചിന്മയി പറയുന്നു- “ഓരോ തവണയും ഞാന്‍ സംസാരിക്കുമ്പോള്‍ മലയാള സിനിമയില്‍ നിന്നുള്ള നിരവധിപേര്‍, പാര്‍വതിയും റിമയും അടക്കമുള്ളവര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. പ്രാഥമികമായും ഞങ്ങളൊക്കെ കലാകാരികളാണ്. അത് മായ്ച്ച് കളയാനായിരുന്നു ശ്രമം. പക്ഷേ ഗുരുതര ആരോപണം നേരിട്ട പുരുഷന്മാര്‍ക്ക് ആ അനുഭവം ഉണ്ടാവുന്നില്ല. ആരോപണം നേരിട്ടയാളുടെ ഭാര്യ എന്നെ വിളിച്ച് ചോദിക്കുകയാണ്, എന്‍റെ ഭര്‍ത്താവിനോട് എങ്ങനെയാണ് ഇങ്ങനെ പെരുമാറാനാവുക എന്ന്. ഞാന്‍ പാടിയിട്ടുള്ള പാട്ടിന്‍റെ ക്രെഡിറ്റ് പോലും സിനിമയുടെ ടൈറ്റിലില്‍ നിന്ന് മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട്”, ചിന്മയി ശ്രീപദ പറഞ്ഞവസാനിപ്പിക്കുന്നു.