റിലീസിന് ഒന്നര മാസം മുന്‍പേ ഒടിടി ഡീല്‍; 'മന ശങ്കര'യില്‍ ചിരഞ്ജീവി വാങ്ങുന്നത് വന്‍ പ്രതിഫലം

Published : Nov 29, 2025, 09:06 PM IST
chiranjeevi got huge remuneration in Mana Shankara Vara Prasad Garu

Synopsis

ചിരഞ്ജീവിയെ നായകനാക്കി അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന 'മന ശങ്കര വരപ്രസാദ് ഗാരു' എന്ന തെലുങ്ക് ചിത്രം റിലീസിന് മുൻപേ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റു

ഒടിടി റൈറ്റ്സ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് വരുമാനത്തിന്‍റെ ഒരു വലിയ സാധ്യതയാണ് സമീപവര്‍ഷങ്ങളില്‍ തുറന്നുകൊടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ഏറെക്കുറം ഇല്ലാതായിരിക്കുന്നു. മികച്ച തിയറ്റര്‍ വിജയമുള്ള ചിത്രങ്ങള്‍ക്ക് മാത്രമായി മികച്ച ഒടിടി ഡീലുകള്‍ ചുരുങ്ങിയിരിക്കുന്നു. റിലീസിന് മുന്‍പേയുള്ള ഒടിടി റൈറ്റ്സ് വില്‍പ്പന തുലോം ചുരുക്കം ചിത്രങ്ങള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. അപ്പോഴിതാ റിലീസിന് ഒന്നര മാസത്തിലേറെ ശേഷിക്കെ ഒടിടി റൈറ്റ്സ് വിറ്റിരിക്കുകയാണ് ഒരു തെലുങ്ക് ചിത്രം. ചിരഞ്ജീവിയെ നായകനാക്കി അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന മന ശങ്കര വരപ്രസാദ് ഗാരു എന്ന ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് ആണ് ഇതിനകം വിറ്റുപോയിരിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവി വാങ്ങുന്ന പ്രതിഫലം സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.

സീ നെറ്റ്‍വര്‍ക്ക് ആണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ ഒരുമിച്ച് വാങ്ങിയിരിക്കുന്നത്. സീ 5 ലൂടെ ആയിരിക്കും തിയറ്റര്‍ റിലീസിന് ശേഷമുള്ള ചിത്രത്തിന്‍റെ ഒടിടി റിലീസ്. പിന്നീടുള്ള ടെലിവിഷന്‍ സംപ്രേഷണം സീ തെലുങ്ക് ചാനലിലൂടെ ആയിരിക്കും. വന്‍ പ്രതിഫലമാണ് ചിത്രത്തില്‍ ചിരഞ്ജീവി വാങ്ങുന്നത്. 70 കോടിയാണ് ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലമെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ അടുത്ത വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്. 2026 സംക്രാന്തി റിലീസ് ആയി ആയിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

നയന്‍താര നായികയാവുന്ന ചിത്രത്തില്‍ കാതറിന്‍ ട്രെസയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ആദ്യ ഗാനം, മീശല പിള്ള യുട്യൂബില്‍ തരംഗം തീര്‍ത്തിരുന്നു. 70 മില്യണ്‍ കാഴ്ചകള്‍ മറികടന്നിട്ടുണ്ട് ഇതിനകം ഈ ഗാനം. ഷൈന്‍ സ്ക്രീന്‍സ്, ഗോള്‍ഡ് ബോക്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ സാഹു ഗരപതി, സുഷ്മിത കോനിഡെല എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചിട്ടുള്ള ചിത്രം ഇതിയും പാക്കപ്പ് ആയിട്ടില്ല. ചിരഞ്ജീവി ആരാധകര്‍ ഒരു വലിയ ബോക്സ് ഓഫീസ് വിജയമാണ് മന ശങ്കര വരപ്രസാദ് ഗാരുവിലൂടെ പ്രതീക്ഷിക്കുന്നത്. ചിരഞ്ജീവിക്ക് കൈയടി വാങ്ങാന്‍ എളുപ്പമുള്ള തരത്തിലെ കഥാപാത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു