
നീരജ് ഗായ്‌വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' എന്ന ചിത്രത്തെ പ്രശംസിച്ച് മാരിസെൽവരാജ്. താൻ ഹോംബൗണ്ട് കണ്ടുവെന്നും, ഈ രാജ്യത്തിന്റെ തെക്കേയറ്റത്ത് നിന്നും താങ്കളെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നുവെന്നും മാരി സെൽവരാജ് എക്‌സിൽ കുറിച്ചു.
ഹോംബൗണ്ടിന് ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 26 ന് തിയേറ്ററുകളിലെത്തിയ ഹോംബൗണ്ട് വളരെ വൈകാരികമായ സിനിമയാണ് എന്നാണ് പ്രേക്ഷക പ്രതികരണം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് ഹോംബൗണ്ട്. 2015 ൽ പുറത്തിറങ്ങി, ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'മാസാൻ' എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്‌വാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഹോംബൗണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഒൻപത് മിനിറ്റ് സ്റ്റാൻഡിങ്ങ് ഒവേഷനാണ് ലഭിച്ചത്. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ അഭിനയിച്ച ചിത്രം 2025 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പീപ്പിൾസ് ചോയ്‌സ് അവാർഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.
നോർത്തിന്ത്യയിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കൾ പോലീസ് സേനയിൽ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തിൽ നിന്നും തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാൻ കഴിയുമെന്നുമാണ് അവർ കരുതുന്നത്. എന്നാൽ ഈ യാത്രയിൽ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് നീരജ് ഗായ്‌വാൻ തന്റെ പുതിയ ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്.
ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കരൺ ജോഹറാണ്. അതേസമയം പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. പ്രതീക് ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത് നിതിൻ ബൈഡ് ആണ്. ബഷ്‌റാത് പീർ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നീരജ് ഗായ്‌വാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.