
മോഹന്‍ലാലിന്‍റെ രണ്ട് റീ റിലീസുകള്‍ തിയറ്ററുകളില്‍ എത്തുന്ന തീയതി പ്രഖ്യാപിച്ചു. രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ വീണ്ടും എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ തീയതി ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ 2007 ല്‍ തിയറ്ററുകളിലെത്തിയ ഛോട്ടാ മുംബൈയും റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ഉദയനാണ് താരവുമാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. ഇതില്‍ ഛോട്ടാ മുംബൈ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണ്. എന്നാല്‍ മോഹന്‍ലാലിന്‍റെ തന്നെ തുടരും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ റീ റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു അറിയിച്ചിരുന്നു. തുടരും ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രണ്ട് ചിത്രങ്ങളുടെ റീ റിലീസ് തീയതികളും പ്രഖ്യാപിച്ചത്. ജൂണ്‍ 6 ആണ് ഛോട്ടാ മുംബൈയുടെ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന റീ റിലീസ് തീയതി. പിന്നാലെ ജൂണ്‍ 20 ന് ഉദയനാണ് താരവും തിയറ്ററുകളിലേക്ക് എത്തും.
അൻവർ റഷീദും മോഹന്‍ലാലും ഒരുമിച്ച ഒരേയൊരു ചിത്രമായ ഛോട്ടാ മുംബൈയില്‍ തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്കോ ഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് റീമാസ്റ്ററിംഗ് ചെയ്ത ചിത്രവുമാണ് ഇത്. 4 കെ ഡോൾബി അറ്റ്മോസിലാണ് ചിത്രം എത്തുക. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റെസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്. മോഹന്‍ലാലിനൊപ്പം ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ബെന്നി പി നായരമ്പലം ആണ് രചന. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.
അതേസമയം മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഉദയനാണ് താരം. റോഷന്‍ ആന്‍ഡ്രൂസും ശ്രീനിവാസനും ചേര്‍ന്ന് എഴുതിയ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ശ്രീനിവാസന്‍ ആയിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വർഷത്തിനുശേഷം 4 കെ ദൃശ്യ മികവോടെയാണ് തിയറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും ജീവിത യാത്രയെ രസകരമായി അവതരിപ്പിക്കുന്നു. ഉദയഭാനുവായി മോഹന്‍ലാല്‍ എത്തുമ്പോള്‍ സരോജ് കുമാറിനെ അവതരിപ്പിച്ചത് ശ്രീനിവാസനാണ്. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി കരുണാകരനാണ് ചിത്രം നിർമ്മിച്ചത്. ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് ഉദയനാണ് താരം. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായി തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. പിആർഒ പി ശിവപ്രസാദ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ