ഓര്‍മ്മയുണ്ടോ ആ 'സിനിമാപ്പെട്ടി'? വെള്ളിത്തിരയുടെ പഴയകാലം പറഞ്ഞ് ഡോക്യു ഫിക്ഷന്‍

By Web TeamFirst Published Dec 8, 2021, 7:07 PM IST
Highlights

സിനിമയുടെ തിളക്കങ്ങള്‍ക്ക് പുറത്ത് ഈ മേഖലയില്‍ത്തന്നെ ഉപജീവനം കണ്ടെത്തിയിരുന്ന മനുഷ്യരെക്കുറിച്ച് ചിത്രം പറയുന്നു

ഡിജിറ്റല്‍ സിനിമയുടെ മള്‍ട്ടിപ്ലെക്സ് കാലത്തിന്‍റെ വര്‍ണ്ണരാജികളിലാണ് ഇന്ന് മലയാള സിനിമയും. എന്നാല്‍ ഇന്ന് 30ന് മേല്‍ പ്രായമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ അതല്ലാത്ത ഒരു തിയറ്റര്‍ കാലവും ഉറപ്പായുമുണ്ടാവും. ഫിലിം റീല്‍ നിറച്ച പെട്ടികള്‍ക്കായി കാത്തിരുന്ന്, ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് റിലീസിന്‍റെ ആദ്യദിനം സിനിമ കണ്ടിരുന്ന ഒരു കാലം. ആ കാലത്തെയും സിനിമ ഡിജിറ്റലായപ്പോള്‍ തൊഴില്‍ നഷ്‍ടപ്പെട്ട ഒരു കൂട്ടം മനുഷ്യരെയും അവതരിപ്പിക്കുകയാണ് 'സിനിമാപ്പെട്ടി' എന്ന ഡോക്യു ഫിക്ഷന്‍ ചിത്രം. സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ സനു കുമ്മിള്‍ (Sanu Kummil) ഒരുക്കിയിരിക്കുന്ന ചിത്രം നാളെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ (IDSFFK) പ്രദര്‍ശിപ്പിക്കും.

11 വർഷക്കാലം സിനിമാപ്പെട്ടിയുമായി സൈക്കിൾ ചവിട്ടിയ നിസാറിലൂടെയാണ് കേരളത്തിലെ പെട്ടികെട്ടുകാരുടെ ജീവിതത്തെ ചിത്രത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തു നിന്ന് ഡിജിറ്റൈലസേഷെന്‍റെ വിസ്‍മയകാലത്തേക്കുള്ള മലയാള സിനിമയുടെ പ്രയാണത്തെ കൃത്യമായി കുറിച്ചിടുന്നതിനൊപ്പം വെള്ളിത്തിരയുടെ ഈ പരിണാമ പ്രവാഹത്തിനിടെ പുറന്തള്ളപ്പെട്ടുപോയ ഒരു വിഭാഗത്തെ പൊതുസമക്ഷത്തിൽ ഓര്‍മ്മപ്പെടുത്തുകയുമാണ് ചിത്രം. ഒ കെ സുധാകരനും നാഷ്‍മിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം എം എസ് മഹേഷ്. എഡിറ്റിംഗ് വിപിൻ. മാധ്യമ പ്രവർത്തകനായ എം ജി അനീഷ് ആണ് ശബ്‍ദം നല്‍കിയിരിക്കുന്നത്. ഡിസൈനിംഗ് സുജിത്ത് കടയ്ക്കല്‍. 10ന് ഉച്ചയ്ക്ക് 12ന് ഏരീസ് പ്ലെക്സിലാണ് ചിത്രത്തിന്‍റെ ഫെസ്റ്റിവല്‍ പ്രദര്ശനം. 

സനുവിന്‍റെ മൂന്നാമത്തെ സിനിമയാണ് സിനിമാപ്പെട്ടി. ആദ്യ ഡോക്യു സിനിമ 'ഒരു ചായക്കടക്കാരന്‍റെ മൻ കി ബാത്ത്' 2018 ലെ ഐഡിഎസ്എഫ്എഫ്കെയില്‍ ഏറ്റവും മികച്ച ഡോക്യുമെന്‍ററിക്കുള്ള അവാർഡ് നേടിയിരുന്നു. രണ്ടാമത്തെ ചിത്രം 'സിക്സ് ഫീറ്റ് അണ്ട'ർ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ   മികച്ച മലയാളം ഡോക്യുമെന്‍ററിക്കുള്ള അവാർഡും നേടിയിരുന്നു. 

click me!