കൊവിഡ്: പ്രശസ്‍ത ഛായാഗ്രാഹകന്‍ വി ജയറാം അന്തരിച്ചു

By Web TeamFirst Published May 22, 2021, 12:01 PM IST
Highlights

ഐ വി ശശിയുടെ പ്രിയ ഛായാഗ്രാഹകനായിരുന്നു. ഐ വി ശശിയുടെ ദേവാസുരം, മൃഗയ, 1921, ആവനാഴി, അപാരത, അബ്കാരി, അനുരാഗി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

ഹൈദരാബാദ്: തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ പ്രശസ്‍ത ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മുതിര്‍ന്ന ഛായാഗ്രാഹകന്‍ വി ജയറാം (70) അന്തരിച്ചു. കൊവിഡ് ബാധയെത്തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ ഹൈദരാബാദില്‍ വച്ചാണ് മരണം. 

വാറങ്കല്‍ സ്വദേശിയായ ജയറാമിന് നന്നേ ചെറുപ്പത്തിലേ ഫോട്ടോഗ്രഫിയോട് കമ്പമുണ്ടായിരുന്നു. അമ്മാവന്‍ നടത്തിയിരുന്ന ഫോട്ടോഗ്രഫി സ്റ്റുഡിയോയില്‍ നിന്നാണ് ആ കലയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്. സിനിമാമോഹവുമായി 13-ാം വയസ്സില്‍ വീടുവീട്ട് മദ്രാസിലെത്തി. തുടക്കത്തിലെ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്‍ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര ഛായാഗ്രാഹകനായി വി ജയറാം മാറുകയായിരുന്നു.

തെലുങ്കില്‍ എന്‍ടിആര്‍, അക്കിനേനി നാഗേശ്വര റാവു, കൃഷ്‍ണ, ചിരഞ്ജീവി, ബാലകൃഷ്‍ണ എന്നിവര്‍ നായകരായ ശ്രദ്ധേയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. മലയാളത്തില്‍ ഐ വി ശശിയുടെ പ്രിയ ഛായാഗ്രാഹകനായിരുന്നു. ഐ വി ശശിയുടെ ദേവാസുരം, മൃഗയ, 1921, ആവനാഴി, അപാരത, അബ്കാരി, അനുരാഗി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

തെലുങ്കില്‍ കെ രാഘവേന്ദ്ര റാവു സംവിധാനം നിര്‍വ്വഹിച്ച പല പ്രശസ്‍ത ചിത്രങ്ങളുടെയും സിനിമാറ്റോഗ്രഫര്‍ ജയറാം ആയിരുന്നു. പെല്ലി സണ്ടാഡി, പരദേശി, പാണ്ഡുരംഗഡു, ഇഡ്ഡരു മിഥ്രുലു എന്നിവ അവയില്‍ ചിലത്. രാഘവേന്ദ്ര റാവു സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം 'മേര സപ്‍നോ കി റാണി'യുടെ ഛായാഗ്രഹണവും ജയറാമായിരുന്നു. ഛായാഗ്രഹണത്തിന് നിരവധി പുരസ്‍കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

click me!