ഗുണ്ടാത്തലവനെ കുറിച്ചുള്ള സിനിമ, വിലക്ക് ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍

By Web TeamFirst Published Feb 9, 2020, 4:27 PM IST
Highlights

കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഷൂട്ടര്‍ എന്ന സിനിമയെന്ന് വ്യക്തമാക്കിയാണ് പഞ്ചാബ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കുപ്രസിദ്ധ അധോലോക നായകൻ സുഖാ കഹ്‍ല്‍വാന്റെ ജീവിതം അധികരിച്ചുള്ള ഷൂട്ടര്‍ എന്ന സിനിമയ്‍ക്ക് വിലക്ക്. സിനിമയ്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദര്‍ സിംഗ് ഉത്തരവിട്ടു. ഷൂട്ടര്‍ അക്രമം, ഗുരുതരമായ കുറ്റകൃത്യങ്ങള്‍, കൊള്ള, ഭീഷണി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം. സിനിമയുടെ സംവിധായകനും അഭിനേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്. സിനിമയ്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താൻ നിര്‍ദ്ദേശം നല്‍കിയതായി പഞ്ചാബ് ഡിജിപിയും വ്യക്തമാക്കി.

ഷൂട്ടര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളൊരാളായ കെ വി ധില്ലോണിനെതിരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് കാട്ടി നേരത്തെ കെ വി ധില്ലോണ്‍ രേഖാമൂലം സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ സിനിമ ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്നതിനാലാണ് നിര്‍മ്മാതാവിനെതിരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അക്രമങ്ങൾ, ഗുണ്ടാസംഘങ്ങളെ അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെയും പാട്ടുകളെയും തന്റെ സർക്കാർ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിവാദമായ ഷൂട്ടര്‍ എന്ന സിനിമയ്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. സിനിമയ്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താൻ ഇന്റലിജൻസ് എഡിജിപി വരിന്ദെര്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‍ക്ക് ഒടുവിലാണ് തീരുമാനം എന്നും ഡിജിപി പറയുന്നു.

ഷാര്‍പ് ഷൂട്ടര്‍ എന്ന് സ്വയം വിശേഷിപ്പിച്ച അധോലോക നായകനായിരുന്നു സുഖാ കഹ്‍ല്‍വാൻ. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള തുടങ്ങിയവയുള്‍പ്പടെ ഇരുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു സുഖാ കഹ്‍ല്‍വാൻ. 2015 ജനുവരി 22ന് സുഖാ കഹ്‍ല്‍വാൻ കൊല്ലപ്പെടുകയായിരുന്നു. ജലന്ധറിലെ കോടതി വാദം കേട്ടതിന് ശേഷം സുഖാ കഹ്‍ല്‍വാനെ പട്യാല ജയിലിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനിടെ മറ്റൊരു ഗുണ്ടാത്തലവനായ വിക്കി ഗൌണ്ടറും കൂട്ടാളികളും വെടിവെച്ചു കൊല്ലുകയായിരുന്നു. കുപ്രസിദ്ധനായ സുഖാ കഹ്‍ല്‍വാനെ വെള്ളപൂശുന്നതാണ് ഷൂട്ടര്‍ എന്ന സിനിമ എന്നാണ് ആരോപണം.

സുഖാ കഹ്‍ല്‍വാനിനെ കുറിച്ചുള്ള സിനിമ യുവാക്കള്‍ക്കിടയിലുണ്ടാക്കിയേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും പൊതുക്രമത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയും കണക്കിലെടുത്ത് പഞ്ചാബില്‍ സിനിമയുടെ റിലീസും പ്രദര്‍ശനവും നിരോധിച്ചാല്‍ ഉചിതമാകുമെന്നുമായിരുന്നു എഡിജിപി കത്ത് നല്‍കിയത്. പഞ്ചാബ് ആഭ്യന്തര വകുപ്പിനും നീതിന്യായ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച് എഡിജിപി കത്തയച്ചിരുന്നു.

അതേസമയം, സാമൂഹ്യമാധ്യമത്തില്‍ അപ്‍ലോഡ് ചെയ്‍ത വീഡിയോയിലൂടെ അക്രമവും കുറ്റകൃത്യവും പ്രചരിപ്പിച്ചതിന്, പഞ്ചാബി ഗായകരായ ശുഭ്‍ദീപ് സിംഗ് സിദ്ധു, മൻകിരാത് എന്നിവര്‍ക്ക് എതിരെ മൻസ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

click me!