സച്ചിയുടെ നില ഗുരുതരമായി തുടരുന്നു; വെന്‍റിലേറ്ററില്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Jun 17, 2020, 7:26 PM IST
Highlights

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 48-72 മണിക്കൂര്‍ നിരീക്ഷണത്തിലാണ് സച്ചി ഇപ്പോള്‍. 

ഹൃദയാഘാതത്തിനു പിന്നാലെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) യുടെ ആരോഗ്യനിലയില്‍ വ്യത്യാസമില്ല. പ്രവേശിപ്പിച്ച സമയത്ത് ഉള്ളതില്‍ നിന്നും നില മെച്ചപ്പെട്ടിട്ടില്ലെന്നും വെന്‍റിലേറ്റര്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ചികിത്സയിലുള്ള തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രി അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു. 

മറ്റൊരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം സച്ചിയെ ഹിപ്പ് റീപ്ലേസ്‍മെന്‍റ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തിന്‍റെ തലച്ചോര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപ്പോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി ആശുപത്രി ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 48-72 മണിക്കൂര്‍ നിരീക്ഷണത്തിലാണ് സച്ചി ഇപ്പോള്‍. 

സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. അനാര്‍ക്കലി (2015)ക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളും.

click me!