
തീയേറ്ററുകൾ കീഴടക്കി തലൈവരുടെ 'കൂലി'. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ആഗോളതലത്തിൽ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. മാസ് ആൻഡ് സ്റ്റൈലിഷ് മോഡിൽ തലൈവർ രജനിയെ സ്‌ക്രീനിൽ കൊണ്ടുവരാൻ ലോകേഷിന് സാധിച്ചെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. അനിരുദിന്റെ ബിജിഎം കൂടി ഇതിന് പശ്ചാത്തലമാകുന്നതോടെ ആരാധകരുടെ ആവേശവും കൂടി. സൗബിന്റെ അഭിനയവും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം ചിത്രം ഒരു ആവറേജ് ആണെന്നും അഭിപ്രായം ചിലയിടത്ത് ഉയരുന്നുണ്ട്. സിനിമ മികച്ചതായിരുന്നെങ്കിലും ലോകേഷിൽ നിന്ന് പ്രതീക്ഷിച്ച പഞ്ച് നഷ്ടമായി എന്നും സിനിമാ പ്രേമികൾ സോഷ്യൽ മീഡിയയിൽ അഭിപ്രായം കുറിക്കുന്നുണ്ട്. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണിത്.
സിനിമയുടെ കഥയിലും കഥാപാത്രങ്ങളുടെ അഭിനയത്തിലും ചിലർക്ക് നിരാശയുണ്ടായിട്ടുണ്ടെന്നാണ് അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്. രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നും കഥയേക്കാൾ കൂടുതൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലാണ് സംവിധായകൻ ശ്രദ്ധിച്ചതെന്നും മറ്റ് ചിലര്‍ പറയുന്നു. അനിരുദ്ധിന്റെ സംഗീതം മികച്ചതായിരുന്നുവെന്ന അഭിപ്രായം ഭൂരിഭാഗം ആളുകളും പങ്കുവെയ്ക്കുന്നുണ്ട്. പ്രതീക്ഷിച്ച പഞ്ച് ലഭിച്ചില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ തലൈവര്‍ ഈസ് ബാക്ക് എന്നാണ് ആരാധകരുടെ പക്ഷം.