
കോളിവുഡ് യുവനിര സംവിധായകരില്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം ഫാന്‍ ഫോളോവിംഗ് സൃഷ്ടിച്ച ലോകേഷ് കനകരാജ്. ബിഗ് സ്ക്രീനില്‍ അന്‍പതാണ്ട് പൂര്‍ത്തിയാക്കുന്ന രജനികാന്ത്. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു കൂലിയുടെ പ്രധാന യുഎസ്‌പി. ഒപ്പം ജയിലറില്‍ പരീക്ഷിച്ചതുപോലെ നായകനൊപ്പമുള്ള കഥാപാത്രങ്ങളായി വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള പ്രമുഖര്‍. കേക്കിന് മുകളിലുള്ള ഐസിംഗ് പോലെ ആമിര്‍ ഖാന്‍റെ അതിഥിവേഷവും. കൂലിക്കായി കാത്തിരിക്കാന്‍ ഒരു ശരാശരി സിനിമാപ്രേമിക്ക് ഇത്രയുമൊക്കെ അധികമായിരുന്നു. ചെറിയ കാലം കൊണ്ട് സംവിധാനത്തില്‍ തന്‍റേതായ സിഗ്നേച്ചര്‍ പതിപ്പിച്ച ലോകേഷിന്‍റെ ഫ്രെയ്മിലേക്ക് രജനികാന്ത് എത്തുമ്പോള്‍ സംവിധായകന് സ്വന്തം സ്റ്റൈല്‍ബുക്ക് നിലനിര്‍ത്താനാവുമോ എന്നതായിരുന്നു കൂലിയിലെ ഏറ്റവും വലിയ കൗതുകം. വിജയ് നായകനായ ലിയോയില്‍ ഒരു പരിധി വരെ ലോകേഷിന് അത് സാധിച്ചിരുന്നു. രജനികാന്തിനൊപ്പം മറ്റ് ഇന്‍ഡസ്ട്രികളിലെ വലിയ താരങ്ങള്‍ കൂടി എത്തിയപ്പോള്‍ ലോകേഷിന് മുന്നിലുള്ള സമസ്യ ഇക്കുറി വലുതായിരുന്നു. തന്നിലെ സംവിധായകനെ പൂര്‍ണ്ണമായി വിശ്വസിച്ചാണ് കൂലിയിലെ ഈ പ്രതിബന്ധം തരണം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നത്.
വിക്രത്തില്‍ കണ്ടതുപോലെ അധോലോകത്തിന്‍റെ ചില സൂചനകളുമായാണ് ലോകേഷ് കൂലി തുടങ്ങിവെക്കുന്നത്. വിക്രത്തില്‍ മയക്കുമരുന്ന് ആയിരുന്നെങ്കില്‍ ഇവിടെ മറ്റ് ചിലതാണ് സ്മഗ്ലിംഗ് വസ്തുക്കള്‍. ഒരു തുറമുഖം സര്‍ക്കാരില്‍ നിന്ന് ലീസിന് എടുത്ത് നടത്തുന്ന സൈമണേയും അയാളുടെ വിശ്വസ്തനായ കൈക്കാരന്‍ ദയാലിനെയും നമ്മള്‍ കാണുന്നു. സൈമണിന്‍റെയും അയാള്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പോലും പണയം വെക്കാന്‍ മടിയില്ലാത്ത ദയാലിന്‍റെയും ലോകത്തിലേക്ക് ദേവ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ദേവരാജിനെ സാഹചര്യങ്ങള്‍ കൊണ്ടെത്തിക്കുകയാണ്. ആരാണ് ശരിക്കും ദേവ? ഒന്നിനെയും കൂസാതെ അയാള്‍ പൂര്‍ത്തിയാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ലക്ഷ്യങ്ങള്‍ക്ക് പിറകിലുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ലോകേഷ് വിടര്‍ത്താന്‍ ഉദ്ദേശിക്കുന്ന കഥയുടെ ചുരുളുകള്‍ ഇതൊക്കെയാണ്. രജനികാന്ത് ദേവയായി എത്തുമ്പോള്‍ സൈമണ്‍ ആയി നാഗാര്‍ജുനയും ദയാല്‍ ആയി സൗബിന്‍ ഷാഹിറും എത്തുന്നു.
ഏത് താരത്തെയും സ്റ്റൈലിഷ് ആയി അവതരിപ്പിക്കുന്നതിനൊപ്പം വെറും സ്റ്റൈല്‍ മാത്രമായി ചുരുങ്ങാത്ത കഥാസന്ദര്‍ഭങ്ങളിലേക്ക് അവരെ ഇറക്കിനിര്‍ത്തുന്നു എന്നതുകൂടിയായിരുന്നു ലോകേഷ് കനകരാജിന്‍റെ സിഗ്നേച്ചര്‍. കൂലിയിലും ലോകേഷ് അതിനുതന്നെയാണ് ശ്രമിച്ചിരിക്കുന്നത്. മാസ് ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതെങ്കിലും മണ്ണില്‍ ചവുട്ടിയാണ് രജനിയെ അദ്ദേഹം നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ താരബാഹുല്യമുള്ള ചിത്രത്തിന്‍റെ രചനയില്‍ തന്‍റെ മുന്‍ ചിത്രങ്ങളുടെ നിലയിലെത്താന്‍ ലോകേഷിന് സാധിച്ചിട്ടില്ല. അതാണ് കൂലിയുടെ ഏറ്റവും വലിയ പോരായ്മയും. ഇമോഷണലി ഹുക്ക് ചെയ്യാന്‍ സ്കോപ്പ് ഉണ്ടായിരുന്ന പ്ലോട്ടില്‍ അത്തരത്തിലൊരു വൈകാരികമായ തൊടലിന് ചിത്രത്തിന് സാധിച്ചിട്ടില്ല.
താരങ്ങളുടെ മികച്ച പ്രകടനങ്ങളുള്ള ഒരു സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ ആണ് കൂലിയിലൂടെ ലോകേഷ് സാധ്യമാക്കാന്‍ ആഗ്രഹിച്ചത്. അഭിനേതാക്കളില്‍ ഏറ്റവും മികച്ച കഥാപാത്രം ലഭിച്ചത് സൗബിന്‍ ഷാഹിറിന് ആണ്. രജനിക്കൊപ്പം ഉടനീളമുള്ള കഥാപാത്രം സൗബിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ കഥാപാത്രങ്ങളില്‍ ഒന്നാണ്. ദയാലിനെ സൗബിന്‍ നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്. സ്ക്രീന്‍ പ്രസന്‍സ് അനുഭവിപ്പിക്കുന്നതില്‍ പ്രായം ഒരു തടസ്സമാവാത്ത രജനിയും ഓണ്‍ സ്ക്രീന്‍ കരിസ്മയില്‍ രജനിയെ വെല്ലുന്ന നാഗാര്‍ജുനയും ചേര്‍ന്ന് സൃഷ്ടിക്കുന്ന എലിവേഷന്‍സ് ചിത്രത്തില്‍ ഉടനീളമുണ്ട്. ശ്രുതി ഹാസനും നല്ല സ്ക്രീന്‍ സ്പേസ് ഉള്ള കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. സ്ക്രീന്‍ ടൈം കുറവാണെങ്കിലും ആമിര്‍ ഖാന്‍റെ കടന്നുവരവിനായി ലോകേഷ് സൃഷ്ടിച്ചിരിക്കുന്ന കാത്തിരിപ്പും ഇന്‍ട്രൊഡക്ഷനുമൊക്കെ മികച്ചതാണ്.
പതിവുപോലെ ഛായാഗ്രാഹകനും സംഗീത സംവിധായകനും തങ്ങളുടെ ഏറ്റവും മികച്ചതാണ് ലോകേഷിന് നല്‍കിയിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ നിലവാരമുണ്ട് ഗിരീഷ് ഗംഗാധരന്റെ ഫ്രെയ്മുകള്‍ക്ക്. പ്രത്യേകിച്ച് എടുത്തുപറയേണ്ടത് ലൈറ്റിംഗ് ആണ്. ലോകേഷിന്‍റെ ചിത്രങ്ങളില്‍ത്തന്നെ പലപ്പോഴും ആവര്‍ത്തിക്കാറുള്ള അധോലോകത്തെ ഇരുണ്ട ടോണോടുതന്നെ എന്നാല്‍ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുണ്ട് ഗിരീഷ്. തുറമുഖം പ്രധാന പശ്ചാത്തലമായപ്പോള്‍ അത് സമര്‍ഥമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഗിരീഷ്. രചനയിലെ പോരായ്മ മൂലം ചിത്രം ഡ്രോപ്പ് ആവുന്നയിടങ്ങളില്‍ ആ കുറവ് നികത്തുന്നുണ്ട് അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തല സംഗീതം. തന്‍റെ തന്നെ സ്ഥിരം പാറ്റേണില്‍ നിന്ന് മാറി നില്‍ക്കുന്ന, എന്നാല്‍ മാസിന് മാസും ക്ലാസിന് ക്ലാസും അനുഭവപ്പെടുത്തുന്ന അനിരുദ്ധിന്‍റെ സാന്നിധ്യം ചിത്രത്തില്‍ ഉടനീളമുണ്ട്.
പ്രഖ്യാപിച്ചത് മുതലുള്ള, കാണികളുടെ പ്രതീക്ഷാ ഭാരം തന്നെയായിരുന്നു ലോകേഷിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതുവരെ പരാജയം അറിയാത്ത സംവിധായകന്‍ എന്നതാണ് ആ പ്രതീക്ഷകളെ കൂട്ടിയത്. രജനി എന്ന താരം തന്‍റെ ഫ്രെയ്മിലേക്ക് വന്നുനിന്നപ്പോള്‍ തന്‍റെ തന്നെ സ്റ്റൈല്‍ ബുക്ക് പിന്തുടരാനാണ് ലോകേഷ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ അതിന്‍റെ ആത്യന്തിക ഫലം അത്രകണ്ട് ആവേശപ്പെടുത്തുന്ന ഒന്നല്ല.