
സൂര്യ (Suriya) നായകനായെത്തിയ തമിഴ് ചിത്രം ജയ് ഭീമിന്‍റെ (Jai Bhim) നിര്‍മ്മാതാക്കള്‍ക്കെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. ചിത്രം തങ്ങളുടെ സമുദായത്തിന്‍റെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ രുദ്ര വണ്ണിയാര്‍ സേനയാണ് കോടതിയെ സമീപിച്ചത്. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ എഫ്ഐആര്‍ ഇടാന്‍ വേളച്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുന്നത്. രുദ്ര വണ്ണിയാര്‍ സേനയുടെ സ്ഥാപകന്‍ അഡ്വ. കെ സന്തോഷ് നായ്ക്കരാണ് കോടതിയെ സമീപിച്ചത്. 2 ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സൂര്യയും ജ്യോതിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
വണ്ണിയാര്‍ സമുദായത്തിന്‍റെ മണ്‍മറഞ്ഞ നേതാവ് ഗുരു ഗോത്രവിഭാഗത്തിനെതിരെ പ്രവര്‍ത്തിച്ച ആളാണെന്നും വണ്ണിയാര്‍ സമുദായം നിയമം അനുസരിക്കാത്തവരാണെന്നും സിനിമ ചിത്രീകരിച്ചിരിക്കുന്നെന്ന് സന്തോഷ് നായ്ക്കരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വത്തിനും വണ്ണിയര്‍മാര്‍ക്കുമെതിരെ വെറുപ്പ് സൃഷ്ടിക്കുന്നതും സാമുദായിക മൈത്രിയെ അലോസരപ്പെടുത്തുന്നതുമായ രംഗങ്ങള്‍ സിനിമയിലുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (കലാപം ഉണ്ടാക്കാന്‍ മനപ്പൂര്‍വ്വമായ പ്രകോപനം സൃഷ്ടിക്കല്‍), 153 എ (1) (വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കല്‍), 499 (മാനനഷ്ടം), 503 (ഭീഷണിപ്പെടുത്തല്‍), 504 (സമാധാനം തകര്‍ക്കാന്‍ മനപൂര്‍വ്വമായ അധിക്ഷേപിക്കല്‍) അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം എഫ്ഐആര്‍ സമര്‍പ്പിക്കാനാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ത സെ ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ലീഗല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചന്ദ്രു എന്ന വക്കീല്‍ കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്‍റെ ഭര്‍ത്താവിന് നീതിക്കുവേണ്ടി ശ്രമിക്കുന്ന സെങ്കനി എന്ന കഥാപാത്രമായി അഭിനയിച്ച മലയാളി താരം ലിജോമോള്‍ വലിയ കൈയടി നേടിയിരുന്നു. ലിജോമോളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായാണ് ഈ കഥാപാത്രം വിലയിരുത്തപ്പെട്ടത്. സൂരറൈ പോട്രിനുശേഷമുള്ള സൂര്യയുടെ ഡയറക്റ്റ് ഒടിടി റിലീസുമായിരുന്നു ചിത്രം. ആമസോണ്‍ പ്രൈമിലൂടെ 2021 നവംബറിലായിരുന്നു ജയ് ഭീമിന്‍റെ റിലീസ്.
ചിത്രത്തിനെതിരെ നേരത്തെ വണ്ണിയാര്‍ സമുദായ സംഘടന രംഗത്തെത്തിയ സമയത്ത് സൂര്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്രവിഭാഗങ്ങള്‍ പ്രകടനം നടത്തിയിരുന്നു. തമിഴ്നാട് ട്രൈബല്‍ നൊമാഡ്‍സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിലായിരുന്നു ഇത്. സിനിമയെ പ്രതീകവത്‍കരിച്ച് കൈകളില്‍ എലികളെയും പാമ്പുകളെയും വഹിച്ച് മധുരൈ കളക്ടറേറ്റിനു മുന്നില്‍ നടന്ന പ്രകടനം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കാട്ടുനായകന്‍, ഷോളഗ, അടിയാന്‍, കാണിക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ അന്ന് പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.