നമ്മള്‍ വീട്ടില്‍ ഇരിക്കുന്നതുകൊണ്ട് ചില കാര്യങ്ങളുണ്ട്!

By Web TeamFirst Published Apr 1, 2020, 9:39 PM IST
Highlights

ലോക്ക് ഡൗൺ കഴിഞ്ഞുള്ള കാര്യത്തെ കാലത്തെ കുറിച്ചാണ് ആലോചിക്കുന്നത് എന്നും അപര്‍ണ ബാലമുരളി.

തിരക്കില്ലാത്ത കാലമാണ്. ക്വാറന്റൈൻ കാലമാണ്. എന്താണ് നമുക്ക് ചെയ്യാൻ പറ്റുക?. അതൊക്കെ ചെയ്യുക. സമയം കിട്ടിയിരുന്നെങ്കില്‍ ചെയ്യാമായിരുന്നുവെന്ന് കരുതി മാറ്റിവെച്ച കാര്യങ്ങളൊക്കെയുണ്ടാകില്ലേ. അതൊക്കെ ചെയ്യാം. അല്ലാത്തവര്‍ക്ക് മടിപിടിച്ചിരിക്കാം. പക്ഷേ ഒന്നുണ്ട്. കൊവിഡിനെ നേരിടാൻ നമ്മള്‍ വീട്ടിലിരുന്നേ പറ്റൂ.

ഞാൻ പാലക്കാട് ഗ്ലോബല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ചറില്‍ പഠിക്കുകയാണ്. അവസാന വര്‍ഷമാണ്. അതിന്റെ തീസിസ് ഒക്കെ ചെയ്യാനുണ്ട്. 10ന് കൊളേജ് അടച്ചതു മുതല്‍ വീട്ടിലാണ്. ഇടയ്‍ക്ക് തറവാട്ട് വീട്ടിലേക്ക് പോകുമായിരുന്നു. പക്ഷേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതല്‍ വീട്ടിലിരിപ്പ് തന്നെ. പുറത്തിറങ്ങിയിട്ടില്ല. തീസിസ് ചെയ്യാനാണ് സമയം ചെലവഴിക്കുന്നത്. പാട്ടുപാടുകയും സിനിമ കാണലും ഒക്കെ ഒപ്പമുണ്ട്. 

മുമ്പ് അങ്ങനങ്ങ് സിനിമ കാണുന്ന കൂട്ടത്തില്‍ അല്ലായിരുന്നു ഞാൻ. ഇപ്പോള്‍ സിനിമകള്‍‌ കാണാനാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഹാരിപോര്‍ട്ടര്‍ സീരിസ് എല്ലാ സിനിമകളും കണ്ടിട്ടുണ്ടായിരുന്നില്ല. അത് കണ്ടു തീര്‍ത്തു.  

നമ്മളിങ്ങനെ വീട്ടിലിരുന്ന് ബോറടിക്കുന്നുവെന്ന് പറയുമ്പോള്‍ മറ്റൊരു പ്രധാന കാര്യമുണ്ട്. നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരുമൊക്കെ. അവര്‍ക്ക് ആദരവ്  കൊടുക്കുക. പൊലീസിനും രോഗം വരും. പക്ഷേ അവര്‍ക്ക് പുറത്തിറങ്ങിയേ പറ്റൂ, നമുക്ക് വേണ്ടി.  പുറത്തിറങ്ങില്ലെന്ന് നമ്മള്‍ തീരുമാനിച്ചു ഉറപ്പിക്കുകയെന്നതാണ് അവര്‍ക്ക് നല്‍കാൻ പറ്റുന്ന ആദരവ്. 

വാര്‍ത്തയില്‍ നിന്ന് അറിഞ്ഞ ഒരു കാര്യമാണ്. ലോക്ക് ഡൗണിന് ശേഷം ഇറ്റലിക്ക് മാറ്റം വരുന്നുണ്ട് എന്നത്. അത് നമ്മളും തിരിച്ചറിയണം. ലോക്ക് ഡൌണ്‍ കൊണ്ട് പ്രയോജനമുണ്ട്. പക്ഷേ നമ്മള്‍ ഇങ്ങനെ വീട്ടിലിരിക്കുമ്പോള്‍ പേടിപ്പെടുത്തുന്ന ഒരു കാര്യത്തെ കൂടി പറയാതിരിക്കാനാകില്ല. മറുവശത്ത് ലോകം നിശ്ചലമായി നില്‍ക്കുകയാണ്. പക്ഷേ അതേസമയം തന്നെ പ്രകൃതിക്ക് അത് ഗുണകരമായി മാറുന്നുണ്ടാവും. ശുദ്ധമായ വായു കൂടുന്നുവെന്നാണ് വാര്‍ത്തകള്‍. എല്ലാ വര്‍ഷവും ഇങ്ങനെയൊരു ലോക്ക് ഡൗൺ ശീലിക്കുന്നത് നല്ലതായിരിക്കും എന്നാണ് പറയാനുള്ളത്. പ്രകൃതിയോട് കാട്ടിയ അനീതിക്ക് നമുക്ക് കിട്ടിയ ഒരു ചെറിയ ശിക്ഷ കൂടിയാകും ഇപ്പോഴത്തെ ലോക്ക് ഡൗൺ.

രാഷ്‍ട്രീയം മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട കാലം കൂടിയാണ് ഇത്. മുഖ്യമന്ത്രിയും എല്ലാവരും ഉത്തരവാദിത്തത്തോടെ ജോലികള്‍ ചെയ്യുന്നു. എല്ലാവരും 
ഒരുമിച്ച് ചിന്തിച്ചാലേ നമുക്ക് പ്രതിസന്ധി മറികടക്കാൻ ആകൂ. എന്താണ് മരുന്ന് എന്ന് ആര്‍ക്കും അറിയില്ല. അപ്പോള്‍ ഒരുമയോടെ നില്‍ക്കുകയെന്നത് തന്നെയാണ് പ്രധാനം.

വീട്ടിലിരുന്ന് മടിപിടിക്കുമോയെന്നാണ് ഒരു പേടി. ലോക്ക് ഡൌണ്‍ കഴിഞ്ഞുള്ള കാലത്തെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. എന്തായാലും അപ്പോള്‍ നോക്കാം. പാട്ടുപാടുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്യണമെന്നുണ്ട്. വാര്‍ത്തകള്‍ ഞാൻ അങ്ങനെയങ്ങ് ഷെയര്‍ ചെയ്യാറില്ല. കാരണം കൃത്യമാണോ എന്ന് അറിയാത്തതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണാൻ ശ്രദ്ധിക്കാറുണ്ട്. വിവരങ്ങള്‍ കൃത്യതയോടെ അറിയാനാണ് അത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വീട്ടുകാരോട് ചര്‍ച്ച ചെയ്യാറുമുണ്ട്.

അപ്പോള്‍ നമുക്ക് വീട്ടിലിരുന്നും പൊരുതാം. പുറത്തിറങ്ങാതെ ഒരു രോഗത്തെ നേരിടാം.

click me!