
കൊച്ചി: മലയാള സിനിമയിലെ പുതിയ ആശയമായ പ്രോഗ്രസ്സീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനില്‍ നിർമാതാവ് മുതൽ പോസ്റ്റർ പതിപ്പിക്കുന്നവർ വരെയുണ്ടാകുമെന്ന് സംഘടനയുടെ താത്കാലിക കമ്മിറ്റി. സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടനയെ കുറിച്ച് നിരവധി സിനിമാപ്രവർത്തകർ ചർച്ച ചെയ്തിരുന്നു. പ്രോഗ്രസ്സീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്നാണ് ആശയം. സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണെമങ്കിൽ സ്വീകരിക്കുമെന്നും പുതിയ സംഘടനയുടെ നേതൃനിരയിലുള്ള ആഷിഖ് അബു, രാജീവ് രവി തുടങ്ങിയവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
നിർമാതാവ് മുതൽ പോസ്റ്റർ പതിപ്പിക്കുന്നവർ വരെയുള്ള ഫിലിം മേക്കേഴ്സ് എന്നതാണ് കാഴ്ചപ്പാട്. സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണ സമിതിയിൽ പ്രതിനിധികൾ ഉണ്ടാകും. സംഘടന നിലവിൽ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അത് വരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ ആരംഭിക്കും.
അതിന് ശേഷമുള്ള തെരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കും. ഇപ്പോൾ വാർത്തകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ, സംഘടനയുടെ ആലോചനാഘട്ടത്തിൽ പുറത്തായ ഒരു കത്തിന്‍റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നത് കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു.
ഇതുവരെ രൂപീകരിക്കാത്ത 'സംഘടനയിൽ' 'ഭാരവാഹികൾ' എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്തു. ഈ ഘട്ടത്തിൽ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിലാണ് ഇക്കാര്യങ്ങൾ അറിയിക്കുന്നതെന്നും സംഘടനയുടെ താത്കാലിക കമ്മിറ്റി പ്രതിനിധികൾ വ്യക്തമാക്കി. ആഷിഖ് അബു, രാജീവ് രവി, അജയൻ അടാട്ട് എന്നിവരാണ് താത്കാലിക കമ്മിറ്റി പ്രതിനിധികൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ