
തിരുവനന്തപുരം: വാട്സാപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സീരിയൽ താരവും നര്‍ത്തകിയുമായ അഞ്ജിത. പദ്മശ്രീ ജേതാവ് രഞ്ജന ഗൗറിന്‍റെ ഹാക്ക് ചെയ്യപ്പെട്ട വാട്സാപ്പിൽ നിന്ന് പണം ചോദിച്ചുള്ള സന്ദേശമാണ് അഞ്ജിതയെ കുടുക്കിയത്. തട്ടിപ്പ് ആണെന്നും ഹാക്കിംഗാണെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും 10,000 രൂപയാണ് അഞ്ജിതയ്ക്ക് നഷ്ടമായത്.
സൈബർ സെല്ലിൽ നടി പരാതി നൽകി. നര്‍ത്തകി രഞ്ജന ഗൗറിന്‍റെ വാട്സാപ്പ് നമ്പറിൽ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പണം നൽകി. ഇതിനുപിന്നാലെ ഒടിപിയും ചോദിച്ചു. ഒടിപി അയച്ചതോടെ നടിയുടെ വാട്സാപ്പ് ഹാക്ക് ചെയ്യുകയായിരുന്നു. സംഭവത്തിൽ നടിയുടെ പരാതിയിൽ സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചു.
രഞ്ജന ഗൗറിന്‍റെ വാട്സ്ആപ്പ് നമ്പറായതിനാൽ മറ്റൊന്നും ആദ്യം സംശയിച്ചുമില്ല. അക്കൗണ്ടിൽ എന്തോ പ്രശ്നം ഉണ്ടെന്നും പേയ്മെന്‍റ് ട്രാന്‍സ്ഫര്‍ ആകുന്നില്ലെന്നും പണം ആവശ്യമുണ്ടെന്നുമാണ് ആദ്യത്തെ മെസേജ് എന്ന് അഞ്ജിത പറഞ്ഞു. നാളെ വൈകിട്ട് തന്നെ പണം തിരിച്ചുതരാമെന്നും സന്ദേശമുണ്ട്. എത്രരൂപയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ പതിനായിരം രൂപയാണ് വേണ്ടതെന്നും പറഞ്ഞു. നാളെ വൈകിട്ട് നാലിനുള്ളിൽ തിരിച്ചയക്കാമെന്നും മറുപടി നൽകി. തുടര്‍ന്ന് ഗൂഗിള്‍ പേ നമ്പര്‍ നൽകാനാവശ്യപ്പെട്ടു. പണം അയച്ചശേഷം സ്ക്രീൻഷോട്ടും അയച്ചു നൽകി.
പണം ചോദിച്ചപ്പോള്‍ സംശയം തോന്നി ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. നേരിട്ട് പണം ചോദിക്കാനുള്ള മടിയാണെന്ന് കരുതി. ഒഡീസി നര്‍ത്തകിയായ അവര്‍ ഇവിടെ ശിൽപ്പശാലക്ക് വരുമ്പോഴുള്ള പരിചയമാണ്. അടുത്ത പരിചയമുള്ള ആളായതിനാൽ തന്നെ പണം ചോദിച്ചതിൽ സംശയം തോന്നിയില്ല. പണം അയച്ചശേഷമാണ് ഒരു ഒടിപി മെസേജ് വരുന്നത്. അത് അവരുടെ ഒടിപിയാണെന്നും അറിയാതെ വന്നതാണെന്നും ഒന്ന് പറഞ്ഞ് തരാമോയെന്നും ചോദിച്ചു.
ഒടിപി പറഞ്ഞുകൊടുത്തതോടെയാണ് തന്‍റെ വാട്സാപ്പ് ഹാക്ക് ചെയ്യാൻ വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് തട്ടിപ്പുകാരെ പിടിക്കാനായി വീണ്ടും മെസേജ് അയച്ചു. ഇതിനിടയിൽ സൈബര്‍ പൊലീസിനെ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. പിന്നീട് രഞ്ജന ഗൗറിനെ വിളിച്ചപ്പോള്‍ ഒരാഴ്ട കൂടി കഴിഞ്ഞാലെ അവരുടെ വാട്സാപ്പ് തിരിച്ചുകിട്ടുവെന്നാണ് പറഞ്ഞതെന്നും അവരും വല്ലാത്ത വിഷമത്തിലാണെന്നും അഞ്ജിത പറഞ്ഞു.
പത്തനംതിട്ട കൂട്ടബലാത്സംഗ കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ഡിജിപിയോട് റിപ്പോർട്ട് തേടി