
അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന തെലുങ്ക്- മലയാളം ചിത്രം പർദ്ദ റിലീസിനൊരുങ്ങി. പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുന്നതും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതുമായ ചിത്രമാണ് പർദ്ദ. ചിത്രത്തിലെ അമിഷ്ട എന്ന കഥാപാത്രത്തിന് വേണ്ടി ഇതുവരെയും റോഡിൽ വണ്ടി എടുക്കാത്ത താൻ ഓഫ് റോഡുകളിൽ വണ്ടിയോടിച്ചതിനെ കുറിച്ച് ദർശന രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
'ലൈസൻസ് എടുത്തിട്ടുണ്ട് എന്നല്ലാതെ, റോഡിൽ പോലും വണ്ടി എടുക്കാത്ത ഒരാളായിരുന്നു ഞാൻ. എന്നാൽ പർദ്ദയ്ക്ക് വേണ്ടി സംവിധായകൻ വിളിക്കുമ്പോൾ ഡ്രൈവ് ചെയ്യുന്ന ഒരു കഥാപാത്രമാണെന്നും, ചിത്രത്തിൽ ആദ്യ അവസാനം വരെ ഓഫ് റോഡുകളിൽ പോലും വണ്ടിയോടിച്ചു പോകുന്ന കഥാപാത്രമാണെന്നും പറഞ്ഞപ്പോൾ ആദ്യം ചെറിയ ആശങ്ക ഉണ്ടായിരുന്നെങ്കിലും പിന്നീട്, അതൊരു വെല്ലുവിളിയായി എടുക്കുകയായിരുന്നു. അതിന് വേണ്ടി ഷൂട്ട് തുടങ്ങുന്നതിന് മുൻപ് വണ്ടിയെടുത്ത് ഇറങ്ങി, ഒപ്പം ഭാഷയും എനിക്ക് ചാലഞ്ചിങ്ങായിരുന്നു.
എനിക്ക് ഷൂട്ടിംഗ് സമയത്ത് ലൈവ് ആയി നിൽക്കാൻ കഴിയണം. എന്റെ കോ-ആക്ടറുമൊത്ത് ഒരു വേവലാതികളുമില്ലാതെ ഇരിക്കാൻ കഴിയണം. അതെനിക്ക് നിർബന്ധമായത് കൊണ്ട് തന്നെ ഷൂട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ ഭാഷയും എന്റെ സംഭാഷണങ്ങളും ഒപ്പം ഡ്രൈവിംഗും ഞാൻ ട്രാക്ക് ചെയ്‍തു. നമുക്ക് ഭാഷ അറിയില്ലെങ്കിൽ അത്രമാത്രം ബോധപൂർവം ഇരിക്കണം. ഓപ്പോസിറ്റ് നിൽക്കുന്ന ആക്ടർ ഇമ്പ്രവൈസ് ചെയ്താലോ, അവരുടെ ചെറിയ ഒരു ജസ്റ്റർ പോലും നമുക്ക് മനസിക്കാൻ കഴിയണം. അതുകൊണ്ട് തന്നെ അത്രമാത്രം പണിയെടുത്ത ഒരു സിനിമ കൂടിയാണിത്. അതിനാല്‍ അത്രമാത്രം സ്ട്രെസ് ഇല്ലാതെ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. പർദ്ദയ്ക്ക് ശേഷം ഞാനിപ്പോൾ ഡ്രൈവ് ചെയ്യുന്നുണ്ട്. ചെറുപ്പം മുതൽ ഇൻഡിപെൻഡന്റായ ഒരു പെൺകുട്ടിയാണ് ഞാൻ, ഡ്രൈവിങ്ങിന് വേണ്ടി മാത്രം മറ്റൊരാളെ ആശ്രയിക്കേണ്ടി വന്നിരുന്നു. അത് എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ, ഇപ്പോൾ ഡ്രൈവിങ്ങിനോട് വലിയ ഇഷ്ടം ഇല്ലെങ്കിലും എന്റെ ആവശ്യങ്ങൾക്ക് ഞാൻ ഡ്രൈവ് ചെയ്തു പോകുന്നു. എനിക്ക് അത് വളരെ സന്തോഷവും തരുന്നു.' - ദർശനയുടെ വാക്കുകൾ.
സിനിമാ ബണ്ടി, ശുഭം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ കാണ്ട്രെഗുലയാണ് 'പര്‍ദ്ദ' സംവിധാനം ചെയ്യുന്നത്. ആനന്ദ മീഡിയയുടെ ബാനറില്‍ വിജയ് ഡോണ്‍കട, ശ്രീനിവാസലു പി.വി., ശ്രീധര്‍ മക്കുവ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മൃദുല്‍ സുജിത് സെന്‍ ഛായാഗ്രഹണവും, ധര്‍മ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ