
'ഡിയര്‍ വാപ്പി' ഫെബ്രുവരി 17-ന് റിലീസ് ചെയ്യുകയാണല്ലോ. പ്രേക്ഷകര്‍ക്ക് മനസ്സിലാകാൻ എന്താണ് സിനിമയുടെ കഥയെന്ന് ചുരുക്കിപ്പറയാമോ?
'ഡിയര്‍ വാപ്പി' ഒരു അച്ഛന്‍റെയും മകളുടെയും സ്നേഹവും കരുതലുമാണ്. ഒപ്പം ഒരു മോട്ടിവേഷനുമുണ്ട്. അച്ഛന്‍ തന്നെയാണ് ആ മോട്ടിവേഷൻ. 21 വയസ്സുള്ള പെൺകുട്ടിയാണ് സിനിമയിലെ നായിക. അവള്‍ക്ക് വേണ്ടത് കരിയര്‍ അല്ലേ, കല്യാണം അല്ലല്ലോ. ആ പെൺകുട്ടിയുടെ ഇഷ്ടം എന്താണോ അത് ചോദിച്ചു മുന്നോട്ടുപോകാൻ പ്രചോദിപ്പിക്കുന്ന ഒരു അച്ഛന്‍. അവരുടെ കഥയാണിത്.
'ഡിയര്‍ വാപ്പി' യഥാര്‍ഥ ജീവിതത്തിൽ നിന്നുള്ള കഥയാണോ?
ഒരു അച്ഛന്‍റെയും മകളുടെയും സ്നേഹം കണ്ടുകൊണ്ടാണ് ഞാൻ ഇത് എഴുതിയത്. എന്‍റെ ഭാര്യയുടെ അച്ഛന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോള്‍ അതുവരെ മാറിനിന്നിരുന്ന അവള്‍ വളരെ പെട്ടന്ന് ആക്റ്റീവ് ആയത് ഞാൻ കണ്ടു. അച്ഛന് വേണ്ടി ഡോക്ടര്‍മാരോട് സംസാരിക്കുന്നു, കാര്യങ്ങള്‍ വേഗത്തിൽ ചെയ്യുന്നു… അപ്പോഴാണ് ഒരു മകള്‍ എത്രമാത്രം അച്ഛനെ സ്നേഹിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നത്. എനിക്ക് സഹോദരിയില്ല, ഒരു അനിയനാണുള്ളത്. ആൺമക്കള്‍ക്ക് അച്ഛന്മാരോട് പെൺമക്കള്‍ക്കുള്ള അടുപ്പമില്ലല്ലോ. അത്രയും അടുപ്പത്തിൽ ഒരു അച്ഛനെയും മകളെയും കാണുമ്പോള്‍, ആ ബന്ധത്തിന്‍റെ തീവ്രതയാണ് സിനിമയ്ക്ക് പ്രചോദനമായത്. പിന്നെ, ഒരുപാട് പ്രമേയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നതുകൊണ്ട് മാറിച്ചിന്തിച്ചു. ഒരു മോട്ടിവേഷൻ പരിഗണിച്ചു.
ഷാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണോ ഡിയര്‍ വാപ്പി?
അല്ല. പക്ഷേ, റിലീസ് ആകുന്ന ആദ്യത്തെ സിനിമയാണ്. 11 വര്‍ഷമായി ഞാൻ മലയാള സിനിമയിലുണ്ട്. ഞാൻ ആദ്യം സംവിധാനം ചെയ്ത സിനിമ 'അനുരാധ'യാണ്. അത് ഒരുപാട് പ്ലാൻ ചെയ്ത് എടുത്ത സിനിമയാണ്. പക്ഷേ, പ്രൊഡക്ഷനിലുണ്ടായ ചില തടസ്സങ്ങള്‍ കാരണം സിനിമ വൈകുകയാണ്. 'ഡിയര്‍ വാപ്പി' ഞാൻ പക്ഷേ, ഒരുപാട് പ്ലാൻ ചെയ്ത് സംവിധാനം ചെയ്ത സിനിമയല്ല. പെട്ടന്ന് ഒരു ത്രഡ് കിട്ടി അത് വികസിപ്പിക്കുകയായിരുന്നു. 21 വയസ്സുകാരനാണ് ഇതിന്‍റെ പ്രൊഡ്യൂസര്‍. 21 വയസ്സുള്ള ഒരു പെൺകുട്ടിയുടെ കഥ ഒരു 21 വയസ്സുകാരനായ പ്രൊഡ്യൂസറെ ഞാൻ പറഞ്ഞുകേൾപ്പിക്കുകയായിരുന്നു. അത് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. റിലീസ് വരെ വേഗത്തിലായി.
എങ്ങനെയാണ് ഈ സിനിമയിൽ അഭിനേതാക്കളെ കണ്ടെത്തിയത്?
സത്യത്തിൽ ഈ കഥ എഴുതുമ്പോള്‍ അച്ഛന്‍റെ വേഷത്തിൽ നടൻ ഇന്ദ്രൻസ് ആയിരുന്നു മനസ്സിൽ. പക്ഷേ, ഒരുപാടു ചര്‍ച്ചകള്‍ക്ക് ശേഷം ലാൽ ആ വേഷത്തിൽ വന്നു. പിന്നീട് അദ്ദേഹത്തിനായി കഥയിൽ ചെറിയ മാറ്റങ്ങള്‍ വരുത്തി. ലാലിന്‍റെ ശരീരഭാഷയും ചേഷ്ടകളും എല്ലാം ശരിയായി വന്നു. പിന്നെ അങ്ങോട്ട് ലാൽ മാത്രമേ അത് ചെയ്യാൻ പറ്റൂ എന്ന് തോന്നി. അദ്ദേഹം വളരെ തിരക്കുള്ള നടനാണ്. 20 ദിവസമാണ് ഈ സിനിമക്ക് വേണ്ടി തന്നത്. പ്രധാന നടിയെ കണ്ടെത്താനായിരുന്നു മറ്റൊരു ബുദ്ധിമുട്ട്. 21 വയസ്സുള്ള ഒരു പെൺകുട്ടി തന്നെ വേണം അഭിനയിക്കാന്‍ എന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു. ആ പ്രായത്തിലുള്ളവര്‍ വളരെ കുറവാണ്. ഒരുപാട് പേരെ അന്വേഷിച്ച ശേഷമാണ് ഞാൻ അനഘ നാരായണനിൽ എത്തിയത്.
'ഡിയര്‍ വാപ്പി'യെ നയിക്കുന്നത് ഒരു സ്ത്രീ കഥാപാത്രമാണല്ലോ. നായികയ്ക്ക് പ്രധാന്യമുള്ള ഒരു സിനിമ എന്ന് തന്നെ കരുതിയാണോ ഇത് സംവിധാനം ചെയ്തത്?
അങ്ങനെയില്ല. ആമിറ എന്ന കഥാപാത്രം തന്നെയാണ് മുന്നിൽ. പക്ഷേ, ഏതെങ്കിലും കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യമുള്ള സിനിമ എന്ന് ചിന്തിക്കുന്നയാളല്ല ഞാൻ. ആ ചിന്ത തന്നെ സിനിമയിൽ നിന്ന് തന്നെ ഇല്ലാതാകണം എന്ന് കരുതുന്നയാളാണ് ഞാൻ. എല്ലാവര്‍ക്കും തുല്യമായ അവസരം കിട്ടണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ