
കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ വിജയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു 'കൽക്കി 2898 എഡി.' നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പെടുന്ന ഒന്നായിരുന്നു. 600 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം 1200 കോടിയാണ് ആഗോള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. പ്രഭാസ് ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്. മഹാഭാരതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദുൽഖർ സൽമാൻ ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കഥാപാത്രങ്ങളായി എത്തിയത്.
ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്. കൽക്കിയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാവില്ലെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. കൽക്കി പോലെയൊരു സിനിമ വലിയ രീതിയിലുള്ള കമ്മിറ്റ്മെന്റ് അർഹിക്കുന്നുണ്ടെന്നും, ഇരുവരും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യം ആരാധകരോട് പങ്കുവെക്കുന്നതെന്നുമാണ് നിർമ്മാതാക്കൾ അറിയിച്ചത്. സുമതി എന്ന സുപ്രധാനമായ കഥാപാത്രമായിരുന്നു ചിത്രത്തിൽ ദീപിക അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ദീപികയ്ക്ക് പകരമായി ആരാ ഇനി എത്തുന്നതെന്ന് ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിലടക്കം നടന്നുകൊണ്ടിരിക്കുന്നത്.
വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 2027 ൽ ആയിരിക്കും രണ്ടാം ഭാഗത്തിന്റെ റിലീസ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സന്തോഷ് നാരായണൻ ആയിരുന്നു ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. കുരുക്ഷേത്ര യുദ്ധത്തിന് ശേഷമുള്ള പോസ്റ്റ് അപോകാലിപ്റ്റിക് ലോകമായിരുന്നു കൽക്കിയുടെ പശ്ചാത്തലം.