
അർജുൻ അശോകനെ നായകനാക്കി അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത 'തലവര' എന്ന ചിത്രത്തെ പ്രശംസിച്ച് നടി മംമ്ത മോഹൻദാസ്. മലയാളത്തിൽ മറ്റ് സിനിമകൾ മികച്ച വിജയം കരസ്ഥമാക്കി നിൽക്കുമ്പോൾ നമ്മുടെ ഇടയിൽ എല്ലാ ദിവസവും യഥാർത്ഥ പോരാട്ടങ്ങൾ നടത്തുന്ന നിരവധി സൂപ്പർഹീറോകളുടെയും സൂപ്പർഹീറോയിനുകളുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെ തിരഞ്ഞെടുത്ത, ആ വേഷം അവതരിപ്പിച്ച ഒരു നായകനിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മംമ്ത കുറിപ്പ് ആരംഭിക്കുന്നത്.
"തലവര ചെയ്യാന്‍ തിരഞ്ഞെടുത്തതിന് അര്‍ജുന്‍ അശോകന് നന്ദി. ഒട്ടുമിക്ക ആളുകൾക്കും വിരസവും ബന്ധമില്ലാത്തതുമായി തോന്നാവുന്ന ഒരു പ്രശ്നം ലളിതവും രസകരവുമായി അവതരിപ്പിച്ച, ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ഒരുക്കിയ അരങ്ങേറ്റ ചിത്രത്തിന് സംവിധായകൻ അഖില്‍ അനില്‍കുമാറിനും അഭിനന്ദനങ്ങൾ. ശരീരത്തിൽ ഭാഗികമായോ പൂർണ്ണമായോ നിറം നഷ്ടപ്പെടുന്ന,വ്യക്തിപരമെന്ന് തോന്നുമെങ്കിലും സാധാരണ ജീവിതത്തെ താറുമാറാക്കുന്ന ഈ അവസ്ഥയായ വിറ്റിലിഗോ ഉള്ള ആർക്കും അല്ലെങ്കിൽ അത്തരത്തിൽ ഒരാളെ സ്നേഹിക്കുന്ന ആർക്കും ജ്യോതിഷിന്റെ അനുഭവങ്ങൾ വ്യക്തിപരമായി തോന്നും.
വീട്ടിലായാലും, ജോലിസ്ഥലത്തായാലും, സുഹൃത്തുക്കൾക്കിടയിലായാലും, വ്യക്തിബന്ധങ്ങളിലായാലും, സമൂഹത്തിലായാലും ജീവിതത്തെ നേരിടാൻ വിറ്റിലിഗോ ഉള്ള ഒരാൾ മാനസികമായി തയ്യാറെടുക്കേണ്ടി വരുന്ന വ്യക്തിപരമായ, വൈകാരികമായ, പ്രത്യേകിച്ചും മാനസികമായ വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്ന, വേദനാജനകമെങ്കിലും ശക്തമായ ഒരു കഥയാണ് അഖിൽ മനോഹരമായി കോർത്തിണക്കിയത്. നമ്മുടെ ഇടയിൽ ജീവിക്കുന്ന എല്ലാ 'പാണ്ട'കൾക്കും കൂടുതൽ ശക്തിയുണ്ടാവട്ടെ, നമ്മൾ ഇതിലൂടെയും ഇതിലധികമുള്ളതിലൂടെയും 'കുങ്ഫു' ചെയ്ത് മുന്നേറും പോരാട്ടം തുടരുക." മംമ്ത മോഹൻദാസ് കുറിച്ചു.
അതേസമയം ഓണം റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അർജുൻ അശോകന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തലവരയിലെ പാണ്ട എന്ന ജ്യോതിഷ്. പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്.
അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.