Deepti sivan| സൗത്ത് ഏഷ്യൻ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍: ദീപ്‍തി ശിവൻ മികച്ച സംവിധായിക

By Web TeamFirst Published Nov 22, 2021, 11:10 PM IST
Highlights

സൗത്ത് ഏഷ്യൻ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലും ഡികോഡിംഗ് ശങ്കറിനി അവാര്‍ഡ്.
 

രാജ്യത്ത് ഏറ്റവും ആരാധകരുള്ള സംഗീത‍ജ്ഞരില്‍ ഒരാളാണ് ശങ്കര്‍ മഹാദേവൻ. ശങ്കര്‍ മഹാദേവന്റെ സംഗീതയാത്രയെ വിശകലനം ചെയ്യുന്ന ഡോക്യുമെന്ററിയാണ് ദീപ്‍തി ശിവൻ ഒരുക്കിയ 'ഡികോഡിംഗ് ശങ്കര്‍'. 'ഡികോഡിംഗ് ശങ്കര്‍'  ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയിലടക്കം വിവിധ മേളകളില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപോഴിതാ സൗത്ത് ഏഷ്യൻ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലും 'ഡികോഡിംഗ് ശങ്ക'റിന് അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്.

മികച്ച സംവിധായികയ്‍ക്കുള്ള മൃണാള്‍ സെൻ അവാര്‍ഡാണ് ദീപ്‍തി ശിവന് 'ഡികോഡിംഗ് ശങ്കറി'ലൂടെ ലഭിച്ചിരിക്കുന്നത്. 'ഡികോഡിംഗ് ശങ്കറി'ന് ലഭിക്കുന്ന പതിനാലാമത്തെ അന്താരാഷ്‍ട്ര അവാര്‍ഡാണ് ഇത്. നന്ദൻ സിനിമാസ് കല്‍ക്കത്തയിലെ ചടങ്ങില്‍ വെച്ച് ദീപ്‍തി ശിവൻ അവാര്‍ഡ് ഏറ്റുവാങ്ങി. 
സോഫ്റ്റ്‌വെയർ എൻ‌ജിനിയറായി കരിയര്‍ തുടങ്ങിയ ശങ്കര്‍ മഹാദേവൻ  ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണിഗായകനും സംഗീതഞ്‍ജനുമാണ്.

മൂന്ന് തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‍കാരം ലഭിച്ചു. രണ്ട് തവണ മികച്ച സംഗീത സംവിധായകനുള്ള പുരസ്‍കാരവും ശങ്കര്‍ മഹാദേവന് ലഭിച്ചു. മികച്ച ഗായകനുളള കേരള സംസ്ഥാന പുരസ്‍കാരവും ശങ്കര്‍ മഹാദേവൻ സ്വന്തമാക്കി. പത്‍മശ്രീയും രാജ്യത്തിന്റെ പ്രിയ ഗായകൻ ശങ്കര്‍ മഹാദേവന് ലഭിച്ചിട്ടുണ്ട്.

ഇങ്ങനെ രാജ്യത്തിന്റെ ഒട്ടാകെ ആദരവ് നേടിയ ശങ്കര്‍ മഹാദേവന്റെ സംഗീത യാത്രയാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. യുവ ഗായകര്‍ക്കു പ്രചോദനമാകുന്ന ആ ജീവിത കഥ പറയുന്ന ഡോക്യുമെന്ററി ഇതിനകം തന്നെ നിരവധി ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംവിധായകൻ സഞ്‍ജീവ് ശിവന്റെ ഭാര്യയാണ്  'ഡികോഡിംഗ് ശങ്കറി'ന്റെ സംവിധായിക ദീപ്‍തി ശിവൻ.  കാൻ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലടക്കം പുരസ്‍കാരങ്ങള്‍ നേടിയിട്ടുണ്ട് ദീപ്‍തി ശിവന്റെ ഡികോഡിംഗ് ശങ്കര്‍.

click me!